• 04 Aug 2020
  • 10: 18 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും; ഇരുവരുടെയും കൊവിഡ് ഫലം നെഗറ്റീവ്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കൊച്ചിയിലെ എന്‍ഐഎയുടെ കോടതിയാണ് കേസ് പരിഗണിക്കുക. ഇരുവരുടെയും കൊവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്. 

ഇന്ന് രാവിലെ 11 മണിയ്ക്ക് ശേഷമാകും എന്‍ഐഎ പ്രത്യേക കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക. 10 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍ഐഎയുടെ അപേക്ഷ അംഗീകരിക്കാന്‍ തന്നെയാണ് സാധ്യത. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ കസ്റ്റഡിയില്‍ വിട്ട് കൊടുക്കുന്നതിന് തടസ്സങ്ങളില്ല. 

നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടുന്നതിനായി എന്‍ഐഎ കോടതിയെ സമീപിക്കും. ഒപ്പം എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും. 

ഇന്ന് ഒമ്പത് മണിയോടെ തൃശ്ശൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് സ്വപ്നയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് പൊലീസ് എത്തിയാണ് ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോകുക. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. 

സ്വപ്നയെ എത്തിച്ച സാഹചര്യത്തില്‍ തൃശ്ശൂരിലെ കൊവിഡ് കെയര്‍ സെന്ററായ അമ്പിളിക്കല ഹോസ്റ്റലില്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാല് വനിത പൊലീസുകാരുള്‍പ്പെടെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. പരിസരത്ത് ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

Editors Choice