• 04 Aug 2020
  • 11: 18 PM
Latest News arrow

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിച്ചു; സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പങ്കെടുക്കില്ല

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരോടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തേക്കില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സച്ചിന്‍ പൈലറ്റ്, ഗെഹ്‌ലോട്ട് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും തനിക്ക് 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും വ്യക്തമാക്കി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അജയ് മാക്കാന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരെ നിരീക്ഷകരായി ഹൈക്കമാന്‍ഡ് രാജസ്ഥാനിലേക്ക് അയച്ചു. 

അതേസമയം സച്ചിന്‍ പൈലറ്റിനോടൊപ്പം ശനിയാഴ്ച ഡല്‍ഹിയിലെത്തിയ മൂന്ന് എംഎല്‍എമാര്‍ ജയ്പൂരില്‍ തിരിച്ചെത്തി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഡല്‍ഹിയില്‍ പോയതെന്നും സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നും ഈ എംഎല്‍എമാര്‍ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യയുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയിരുന്നു. സച്ചിന്‍ പൈലറ്റിനെ അശോക് ഗെഹ്‌ലോട്ട് പീഡിപ്പിക്കുകയും ഒതുക്കുകയും ചെയ്യുന്നതില്‍ ദു:ഖമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സിന്ധ്യ ട്വിറ്ററിലൂടെ പ്രതികരിച്ചു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ കൂടിക്കാഴ്ചകള്‍ നടന്നില്ല. ബിജെപിയുടെ പിന്തുണയോടെ സച്ചിന്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

Editors Choice