• 04 Aug 2020
  • 10: 57 PM
Latest News arrow

''പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന്; ബി നിലവറയില്‍ തീരുമാനം ഭരണസമിതിയ്ക്ക്''; സുപ്രീംകോടതി

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിയ്ക്കാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധിയ്‌ക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതിയതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു. പുതിയ ഭരണസമിതി രൂപീകരിക്കുന്ന സമയം വരെ നിലവിലെ സമിതിയ്ക്ക് തുടരാം. ഈ ഭരണസമിതിയുടെ ചെയര്‍പേഴ്‌സണ്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ഥിരം ഭരണസമിതിയ്ക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ യുയു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യുയു ലളിതാണ് വിധി പ്രസാതാവം നടത്തിയത്. 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

 

 

 

Editors Choice