• 28 Sep 2023
  • 01: 25 PM
Latest News arrow

''പ്രായം വെറുമൊരു നമ്പറാണ്; ആത്മവിശ്വാസമുണ്ടെങ്കില്‍ ധോണി കളി തുടരണം''; ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടീമില്‍ തുടരണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം കൂടിയായ ബിജെപി എംപി ഗൗതം ഗംഭീര്‍. സമ്പൂര്‍ണ ശാരീരിക ക്ഷമത ഉണ്ടായിരിക്കുകയും കളി ആസ്വദിക്കുകയും ചെയ്യുന്നിടത്തോളം കാലം ധോണി കളത്തില്‍ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഗംഭീര്‍ പറഞ്ഞു. ഈ മാസം ഏഴിന് 39 വയസ്സ് പൂര്‍ത്തിയായ ധോണി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗംഭീര്‍, പൊതുവെ അദ്ദേഹത്തിന്റെ വിമര്‍ശകനായാണ് അറിയപ്പെടുന്നത്.

നിങ്ങള്‍ മികച്ച ഫോമില്‍ തുടരുന്നിടത്തോളം കാലം പന്ത് കൃത്യമായി കണ്ട് അടിച്ചകറ്റാന്‍ പ്രാപ്തിയുള്ളിടത്തോളം കാലം, പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്. ധോണിയുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. അദ്ദേഹത്തിന് പന്ത് നല്ലപോലെ അടിച്ചകറ്റാന്‍ കഴിയുന്ന തരത്തില്‍ ഇപ്പോഴും ഫോമിലാണെങ്കില്‍, ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഇപ്പോഴും ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം കളി തുടരണമെന്നും ഗംഭീര്‍ പറഞ്ഞു.