• 08 Aug 2020
  • 02: 58 AM
Latest News arrow

''ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു''; നിര്‍ണായക വെളിപ്പെടുത്തലുമായി ഡോക്ടര്‍

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറുടെ അപകടമരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡോക്ടര്‍. അപകട സമയത്ത് വാഹനത്തില്‍ ഉറങ്ങുകയായിരുന്ന താന്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നുവെന്ന് ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞിരുന്നതായി ഡോക്ടര്‍ ഫൈസല്‍ വെളിപ്പെടുത്തി. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ ശരിവെയ്ക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. 

തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന് പിന്നാലെ ബാലഭാസ്‌കറിന്റെ മരണവും ചര്‍ച്ചയായിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘം ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ ആരോപണം. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികളായിരുന്നു എന്നതായിരുന്നു ഈ ആരോപണത്തിന്റെ അടിസ്ഥാനം. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലഭാസ്‌കറിനെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ ഫൈസലിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജുനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ആദ്യം എത്തിച്ചത്. അന്ന് ഹൗസ് സര്‍ജനായിരുന്ന ഫൈസലാണ് ബാലഭാസ്‌കറിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്. മറ്റൊരു ആശുപത്രിയിലേക്ക് ബന്ധുക്കള്‍ എത്തി മാറ്റുന്നത് വരെ ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നു. ഇതേ വരെ പൊലീസ് തന്നോട് ഇതേക്കുറിച്ച് യാതൊന്നും ചോദിച്ചിരുന്നില്ലെന്നും ഡോക്ടര്‍ ഫൈസല്‍ പറയുന്നു.

അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി കളവായിരുന്നുവെന്നും അര്‍ജുന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നും നഷ്പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ പിന്നാലെയാണ് ഡോക്ടര്‍ ഫൈസലിന്റെ നിര്‍ണായകമായ മൊഴി പുറത്തുവരുന്നത്. 

Editors Choice