ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി യുഎസ്; ടിക് ടോക് ആപ്പ് നിരോധിക്കും

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് കനത്ത തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങി യുഎസ്. ടിക് ടോക് മൊബൈല്‍ ആപ് നിരോധിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് ടിക് ടോക് ഏറ്റെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടയിലാണ് നിരോധവാര്ത്തയും വരുന്നത്. ഇത് സംബന്ധിച്ച ഉത്തരവില്‍ ശനിയാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക്കില്‍ സുരക്ഷിതമല്ലെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക്ടോക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വ്യക്തമാക്കിയിരുന്നു.
ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന ടിക് ടോക് ആപ്പ്. ഇന്ത്യ ടിക് ടോക് നിരോധിച്ചതോടെ കമ്പനിയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ടിക് ടോക് ഉള്‍പ്പെടെ 106 ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
ടിക് ടോക് ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്. എട്ട് കോടി സജീവ ഉപയോക്താക്കളാണ് ടിക് ടോക്കിന് അമേരിക്കയിലുള്ളത്.