• 08 Aug 2020
  • 03: 06 AM
Latest News arrow

കൊവിഡ്: പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേയ്ക്ക് അടച്ചു; 50 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ഡ്യൂട്ടി ചെയ്യരുതെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേയ്ക്ക് അടച്ചു. എസ്‌ഐയുടെ ഭാര്യയ്ക്കും കുട്ടിയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന രണ്ട് ദിവസങ്ങളില്‍ അണുനശീകരണം നടത്തും. ഈ ദിവസങ്ങള്‍ അവധി ദിവസങ്ങളായതിനാല്‍ ആസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കില്ല. പൊലീസ് ആസ്ഥാനത്തെ ഒരു ഡ്രൈവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 

കൂടുതല്‍ പൊലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ ഡിജിപി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 50 വയസ്സിന് മുകൡലുള്ള പൊലീസുകാരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള വാഹനപരിശോധനയ്‌ക്കോ നിയോഗിക്കരുതെന്നാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഡ്യൂട്ടിയെടുക്കാന്‍ പാടില്ല. പൊലീസ് ക്യാമ്പുകളിലും അതീവ ജാഗ്രത പാലിക്കണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് ഇതുവരെ 88 പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തലസ്ഥാന ജില്ലയില്‍ മാത്രം 30 പൊലീസുകാര്‍ക്കാണ് രോഗം ബാധിച്ചത്. അതിനിടയില്‍ ഇന്നലെ ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ മരിയ്ക്കുക കൂടി ചെയ്തു. ഇതോടെയാണ് ഡിജിപി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. 

Editors Choice