• 18 Sep 2020
  • 08: 06 PM
Latest News arrow

വയോധികയ്ക്ക് ക്രൂരപീഡനം; രഹസ്യഭാഗത്ത് ആയുധം കയറ്റി; ശരീരമാസകലം മാരകമുറിവുകള്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കോലഞ്ചേരിയില്‍ പഴന്തോട്ടം മനയത്ത്പീടിക സ്വദേശിനിയായ വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചു. 75 വയസ്സുള്ള സ്ത്രീയാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഇവരെ മാനഭംഗത്തിന് ഇരയാക്കിയതിന് പുറമേ ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ കയറ്റിയതുള്‍പ്പടെ ശരീരമാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. 

ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആക്രമണം നടക്കുമ്പോള്‍ ഇവരുണ്ടായിരുന്ന വീട്ടിലെ സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിശ്ചിത വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.