• 18 Sep 2020
  • 07: 36 PM
Latest News arrow

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വീട്ടില്‍ സിബിഐ; മൊഴിയെടുക്കുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഭാര്യ ലക്ഷ്മിയില്‍ നിന്നും സിബിഐ സംഘം മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴിയെടുക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സിബിഐ സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ പ്രാഥമിക എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം സിബിഐ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊഴിയെടുക്കല്‍.

ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ മാനേജറായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കളും ബാലഭാസ്‌കറിന്റെ മരണശേഷം സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായതാണ് ദുരൂഹത ശക്തമാക്കിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. 

2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരിച്ചു.