• 18 Sep 2020
  • 07: 06 PM
Latest News arrow

ജലാലാബാദ് ജയിലിലെ തീവ്രവാദി ആക്രമണം; നേതൃത്വം കൊടുത്തത് കാസര്‍കോട് സ്വദേശി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണത്തിന് നേതൃത്വം നല്‍കിയ ഐഎസ് ഭീകരന്‍ കാസര്‍കോട് സ്വദേശിയെന്ന് റിപ്പോര്‍ട്ട്. കല്ലുകെട്ടിയപുരയില്‍ ഇജാസ് എന്ന കെപി ഇജാസ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 10 ഭീകരര്‍ ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ നിന്ന് റോയുടെ സന്ദേശം ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധഇച്ച വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി.

നേരത്തെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോള്‍ ആക്രമണത്തില്‍ ഇജാസ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭ്യമായ വിവരം. എന്നാല്‍ ഇപ്പോള്‍ ജലാലാബാദ് ജയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഇജാസ് ആണെന്നാണ് റോ ഇപ്പോള്‍ സംശയിക്കുന്നത്. 

ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 30 ഓളം ഐഎസ് ഭീകരന്‍മാരായിരുന്നു പങ്കെടുത്തത്. ജയിലിനുള്ളിലുണ്ടായിരുന്ന ആയിരത്തോളം ഐഎസ് ഭീകരന്‍മാരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. 

കാറില്‍ സ്‌ഫോട വസ്തുക്കള്‍ നിറച്ച് ജയിലിന് മുമ്പില്‍ വെച്ച് സ്‌ഫോടനം നടത്തുക എന്നതായിരുന്നു ആക്രമണത്തിന്റെ ആദ്യഘട്ടം. ഇതിന് നേതൃത്വം കൊടുത്ത് ചാവേറായത് ഇജാസാണെന്നാണ് വിവരം. 

കാസര്‍കോട്ട് നിന്നും അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകളിലേക്ക് നിരവധി പേര്‍ പോകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ പഠനം നടത്തിയ ഇജാസ് കുറച്ചുകാലം കാസര്‍കോട്ട് ജോലി നോക്കിയിരുന്നു. പിന്നീട് കൊളംബോ വഴി അഫ്ഗാനിസ്ഥാനിലേക്ക് കടന്നു.