• 18 Sep 2020
  • 06: 49 PM
Latest News arrow

സംസ്ഥാനത്ത് ശക്തമായ മഴ; മലയോര ജില്ലകള്‍ ദുരന്തമുഖത്ത്

കോഴിക്കോട്/ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. പുഴകള്‍ കരകവിഞ്ഞ സ്ഥിതിയിലാണ്. ചാലിയാറില്‍ മഴവെള്ളപ്പാച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പട്ടണത്തില്‍ വെള്ളം കയറി. കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കരകവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. ഇടുക്കിയില്‍ ഇന്നലെ വൈകിട്ട് ഒരു കാര്‍ ഒഴുകിപ്പോയി. കാറില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളുടെ മൃതദേഹം കിട്ടി. പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഒപ്പം മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുമുണ്ട്. 

തുടര്‍ച്ചയായ നാലാം ദിവസവും അതിശക്തമായി തന്നെ മഴ പെയ്യുകയാണ്. ഇടുക്കിയില്‍ ലോ റേഞ്ചിലും ഹൈ റേഞ്ചിലും ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് ഏലപ്പാറ നല്ലപള്ളിയില്‍ കാര്‍ മലവെള്ളപ്പാച്ചില്‍ ഒഴുകിപ്പോയി രണ്ട് പേരെ കാണാതായത്. ഇതില്‍ മാര്‍ട്ടിന്‍ എന്നയാളുടെ മൃതദേഹം രാത്രി 11 മണിയോടെ ലഭിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 150 മീറ്റര്‍ മാറിയാണ് മാര്‍ട്ടിന്റെ മൃതദേഹം കിട്ടിയത്. നാട്ടുകാരും പൊലീസുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. കൂടെയുണ്ടായിരുന്ന അനീഷ് എന്നയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് അടക്കമുള്ള സംഘം ഇവിടെയെത്തിയിട്ടുണ്ട്. 

ഏലപ്പാറ, പീരുമേട് മേഖലകളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ഏലപ്പാറ ടൗണിലുള്‍പ്പെടെ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. രാവിലെ പത്ത് മണിയ്ക്ക് പൊന്‍മുടി അണക്കെട്ട് തുറക്കാനാണ് തീരുമാനിച്ചിരുന്നത്. അതിശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പും നീരൊഴുക്കും വര്‍ധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രാവിലെ ആറ് മണിയോടെ വെള്ളം തുറന്നുവിടുന്ന സാഹചര്യമുണ്ടായി. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 122 അടിയായിരുന്നു ജലനിരപ്പ്. രാത്രി പത്ത് മണിയോടെ 127ന് മുകളിലായി. മണിക്കൂറുകള്‍ കൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിക്കുകയാണ്. 142 അടിയാണ് അണക്കെട്ടിലെ അനുവദീയ സംഭരണ ശേഷി. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2350 അടിയിലേക്ക് അടുക്കുകയാണ്. ഇപ്പോള്‍ കാര്യമായ ആശങ്ക ഇടുക്കി അണക്കെട്ടിനെ സംബന്ധിച്ച് ആവശ്യമായി വരില്ല. മൂന്നാര്‍ മേഖലയിലും ശക്തമായ മഴ പെയ്യുന്നു. മുതിരപ്പുഴയാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കരകവിഞ്ഞ സാഹചര്യമാണ്. പല സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ തുറന്നു. 

ഹൈറേഞ്ച് മേഖലയില്‍ ശക്തമായ മഴ തുടരുന്നു. പതിനഞ്ച് സെന്റീമീറ്റര്‍ വരെ മഴയാണ് പെയ്യുന്നത്. വലിയ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമൊക്കെ കഴിഞ്ഞ തവണയുണ്ടായ ചെറുതോണി മേഖലകളിലൊക്കെ ശക്തമായ മഴ പെയ്യുകയാണ്.