• 18 Sep 2020
  • 06: 36 PM
Latest News arrow

രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; എണ്‍പതോളം പേര്‍ മണ്ണിനടിയിലെന്ന് സൂചന

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞ് മൂന്ന് മരണം. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥിതി അതീവ ഗുരുതരമാണ്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പെട്ടിമുടി തോട്ടം മേഖലയിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് ലയങ്ങളിലായി 80 ഓളം പേരുണ്ടായിരുന്നുവെന്നും വിവരമുണ്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 

രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സംഭവസ്ഥലത്തേയ്‌ക്കെത്തുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഇവിടേയ്ക്കുള്ള പെരിയവര പാലം തകര്‍ന്നതിനാല്‍ പൊലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേയ്ക്ക് എത്തിച്ചേരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് വ്യക്തമല്ല. 
 
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലാണ് പെരിയവര പാലം തകര്‍ന്നത്. അതിന് ശേഷം പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ വാഹനങ്ങള്‍ക്കൊന്നും ഇവിടേയ്ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.