• 18 Sep 2020
  • 07: 22 PM
Latest News arrow

പെട്ടിമുടി ദുരന്തം: 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 47 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇനി 47 പേരെ കൂടി കണ്ടെത്താനുണ്ട്. 12 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം (50), ഗണേശന്‍ (40) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

മേഖലയില്‍ ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇന്ന് പുലര്‍ച്ചെയാണ് രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പത് മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്.