• 18 Sep 2020
  • 06: 51 PM
Latest News arrow

കരിപ്പൂര്‍ വിമാനദുരന്തം: പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 മരണം

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 120 അടി താഴേയ്ക്ക് പതിച്ച് രണ്ടായി മുറിഞ്ഞു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. വിമാനത്തില്‍ 190 യാത്രക്കാരാണുണ്ടായിരുന്നത്. നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐഎക്‌സ് 344 ദുബായ്-കോഴിക്കോട് വിമാനമാണ് 7.52ന് അപകടത്തില്‍പ്പെട്ടത്. കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില് ഇടിച്ച് നില്‍ക്കുകയായിരുന്നു. വലത് ചിറക് തകര്‍ന്ന് തെറിച്ചു. വിമാനത്തിന് തീ പിടിക്കാത്തത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. 

മൂന്ന് തവണ ചുറ്റിപ്പറന്ന ശേഷമാണ് വിമാനം നിലത്തിറങ്ങിയത്. സാധാരണ റണ്‍വേയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് ലാന്‍ഡ് ചെയ്യുന്നത്. ഈ വിമാനമാകട്ടെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ലാന്‍ഡ് ചെയ്തത്. റണ്‍വേയുടെ ടച്ചിങ് ലൈന്‍ പകുതിയോളം കഴിഞ്ഞാണ് നിലത്തിറങ്ങിയതെന്ന് കരുതുന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ്, മാനുവല്‍ ബ്രേക്കിങഅ സിസ്റ്റം ഉപയോഗിച്ച് നിര്‍ത്താന്‍ ശ്രമിച്ചതായി സൂചനയുണ്ട്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് വിമാനം പൂര്‍ണമായും തകരാതിരുന്നത്. 

ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ (60), സഹപൈലറ്റ് അഖിലേഷ് കുമാര്‍, യാത്രക്കാരായ രാജീവ് കോക്കല്ലൂര്‍, കോഴിക്കോട് സ്വദേശി ഷറഫുദ്ദീന്‍ പിലാശ്ശേരി (35), നാദാപുരം സ്വദേശി മനാല്‍ അഹമ്മദ് (55), തിരൂര്‍ സ്വദേശി സഹീര്‍ സയ്ദ് (38), ഐമ (4), ബാലുശ്ശേരി സ്വദേശി ജാനകി (55), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23), എടപ്പാള്‍ കുന്നത്ത് വീട്ടില്‍ കെവി ലൈലാബി (51), കോഴിക്കോട് വെള്ളിമാട്കുന്നിലെ സഹീറ ബാനു (30), മകന്‍ അഫ്‌സല്‍ മുഹമ്മദ് (10 മാസം), കോഴിക്കോട് ബീച്ച് സ്വദേശിനി ഷിനോബിയ (40), തിരൂര്‍ സ്വദേശി ശാന്ത (55), സുധീര്‍ എന്നിവരാണ് മരിച്ചത്.