കഥകളിക്കാരന്‍ സൈക്കോ കില്ലറാകുന്ന കഥ; ബംഗാളി സംവിധായകന്‍ അനീക് ചൗധരിയുടെ മലയാള സിനിമ 'കത്തിനൃത്തം' പ്രദര്‍ശനത്തിന്

പ്രശസ്ത ബംഗാളി സംവിധായകന്‍ അനീക് ചൗധരി ഒരുക്കുന്ന മലയാള ചിത്രം 'കത്തിനൃത്തം' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഒരു കഥകളി കലാകാരന്‍ സൈക്കോ കൊലയാളിയായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. സംഭവബഹുലമായ മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം ത്രില്ലടിപ്പിക്കുന്ന കാഴ്ചയാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.
മഹാഭാരത കഥയോട് ഇണങ്ങിച്ചേര്‍ന്നാണ് കത്തിനൃത്തത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ദ്രൗപതിയുടെ വീക്ഷണകോണിലൂടെയാണ് കഥയുടെ സഞ്ചാരം. ഒ. ഹെന്റിയുടെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭാഗവും ചിത്രത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
പരാജിതനായ ഒരു കഥകളിക്കാരന്‍ കൊലപാതക ചിന്തപേറുന്നതാണ് കത്തിനൃത്തത്തിന്റെ ഇതിവൃത്തം. കഥയുടെ വന്യതയ്ക്ക് സമതുല്യത നല്‍കിക്കൊണ്ട് ഒരു ചതിര്‍ഭുജ പ്രണയത്തിന്റെ സങ്കീര്‍ണമായ കഥയും ചിത്രം വിവരിക്കുന്നു.
കാനിലുള്‍പ്പെടെ രാജ്യാന്തര പ്രദര്‍ശനം നേടിയ ദി വൈഫ്‌സ് ലെറ്റര്‍, വൈറ്റ്, കാക്റ്റസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനീക്ക് ചൗധരിയുടെ ആദ്യ മലയാള സിനിമാ സംരംഭമാണ് 'കത്തി നൃത്തം'. ഇതാദ്യമായാണ് ഒരു ബംഗാളി സംവിധായകന്‍ മലയാള സിനിമ ഒരുക്കുന്നത്. ഇദ്ദേഹത്തിന്റെ കാക്റ്റസ് എന്ന ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നുണ്ട്. കത്തിനൃത്തിന്റെ തിരക്കഥയും ഓസ്‌കാറിന്റെ മാര്‍ഗരറ്റ് ഹെറിക് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നത് എടുത്ത് പറയേണ്ട സവിശേഷതയാണ്.
ഈ കാലഘട്ടത്തിലെ മലയാള സിനിമകള്‍ തന്നില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ അനീക്ക് ചൗധരി പറയുന്നു. ''സമകാലിക ബംഗാളി സിനിമകളേക്കാള്‍ ഏറെ മുമ്പിലാണ് മലയാള സിനിമ. 2011 മുതലുള്ള ചിത്രങ്ങളെടുത്താല്‍ മലയാള സിനിമകള്‍ എത്രമാത്രം മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാകും. സനലിന്റെ 'സെക്‌സി ദുര്‍ഗ', ഫഹദ് ഫാസില്‍ നായകനായ 'മഹേഷിന്റെ പ്രതികാരം', 'കുമ്പളങ്ങി നൈറ്റ്‌സ്', ആഷിഖ് അബുവിന്റെ സിനിമകള്‍ എല്ലാം ഉദാഹരണം. മലയാളി പാരമ്പര്യങ്ങളെ ഞാന്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മലയാളികളുടെയും ബംഗാളികളുടെയും പാരമ്പര്യങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ ആളുകള്‍ കണ്ടെത്താറുണ്ട്. എന്നാല്‍ ഭാവന കുറച്ച് യാഥാര്‍ത്ഥ്യത്തില്‍ അടിത്തറയിടുന്നവരാണ് മലയാളികള്‍ എന്നാണ് എനിക്ക് തോന്നുന്നത്. ബംഗാളില്‍ ഭാവനാത്മകതയ്ക്കാണ് അധികപ്രാധാന്യം്. '' അനീക്ക് ചൗധരി പറയുന്നു.
'' 2018 ലാണ് ഞാന്‍ അവസാനമായി കലാമണ്ഡലത്തില്‍ വരുന്നത്. കഥകളിക്കാരെ ചുറ്റിപ്പറ്റി ഒരു കഥയെഴുതണമെന്ന ആഗ്രഹം എന്നില്‍ ജനിപ്പിക്കാന്‍ ആ യാത്ര പ്രചോദനമായി. അങ്ങിനെ സാവധാനം ഞാന്‍ ഒരു സിനിമയിലേക്ക് എത്തിച്ചേര്‍ന്നു. അതാണ് കത്തിനൃത്തം.'' അനീക്ക് ചൗധരി വിവരിക്കുന്നു.
കേരളവുമായി സാമ്യമുള്ള സ്ഥലങ്ങള്‍ കല്‍ക്കത്തയില്‍ കണ്ടെത്തി അവിടെ വെച്ച് ഒരു കൊല്ലം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കത്തിനൃത്തത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അനീക്ക് ചൗധരിയാണ്. രാഹുല്‍ ശ്രീനിവാസന്‍, സാബൂജ് ബര്‍ദാന്‍, രുഗ്മണി സിര്‍ക്കര്‍, അരിത്ര സെന്‍ഗുപ്ത, അനുഷ്‌ക ചക്രബര്‍ത്തി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സൗമ്യ ബാരിക് സൗരിദ്ബ് ചാറ്റര്‍ജി. കല-മൃട്ടിക് മുഖര്‍ജി, അസോസിയേറ്റ് ഡയറക്ടര്‍- പ്രിയങ്കര്‍ ദാസ്, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍-സൗമ്യ റോയ് ചധരി, പരസ്യകല- അനീക്ക് ചൗധരി.
പിഎസ്എസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന 'കത്തിനൃത്തം' ലോകമെമ്പാടുമുള്ള സിനിമാ മേളകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം 2021 ഓടെ തിയേറ്ററുകളിലേക്കെത്തിക്കാനാണ് പദ്ധതി.