• 22 Oct 2020
  • 02: 41 AM
Latest News arrow

സ്വര്‍ണത്തിന്റെ മഞ്ഞളിപ്പിന് മറവില്‍ ദുരൂഹമായി കിടക്കുന്ന 'ലൈഫ്'

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി വലിയ വിവാദച്ചുഴിയിലായിരിക്കുകയാണ്. ഓരോ ദിവസവും പുറത്തുവരുന്ന രേഖകള്‍ സര്‍ക്കാരിനെ വലിയ വിവാദക്കുരുക്കിലാക്കുന്നു. സര്‍ക്കാരിനെ മാത്രമല്ല, യുഎഇ കോണ്‍സുലേറ്റിനെയും. വടക്കാഞ്ചേരിയില്‍ 140 ഫ്‌ളാറ്റും 5 കോടി വില വരുന്ന ഒരു ആശുപത്രി സമുച്ചയവും പണിയാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് റെഡ് ക്രെസന്റ് എന്ന യുഎഇയിലെ സന്നദ്ധ സംഘടനയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ യുവി ജോസും തമ്മില്‍ ധാരണ പത്രം ഒപ്പിടുന്നത്. ഇവിടെ നിന്നാണ് തട്ടിപ്പിന്റെ ആരംഭം. 

വേഗത്തില്‍, വേണ്ടത്ര ജാഗ്രതയോ പഠനമോ ഇല്ലാതെ നിയമവകുപ്പ് നല്‍കിയിട്ടുള്ള ചില ശുപാര്‍ശകള്‍ പരിഗണിക്കാതെയാണ് ഇത്തരം ഒരു കരാറിലേക്ക് പോയത്. പ്രത്യേകിച്ചു വിദേശ രാജ്യങ്ങളില്‍ നിന്നോ അവിടുത്തെ ഒരു സംഘടനയില്‍ നിന്നോ പണം വാങ്ങുമ്പോഴും കരാറില്‍ ഏര്‍പ്പെടുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടം പാലിച്ചിട്ടില്ല. 

സംസ്ഥാന സര്‍ക്കാര്‍ ധാരണ പത്രം ഒപ്പിട്ടത് റെഡ് ക്രെസന്റ് എന്ന സ്ഥാപനവുമായിട്ടാണ്. തുടര്‍ന്നുള്ള ഉപകരാറുകളെക്കുറിച്ചുള്ള നിരീക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുണ്ടെന്ന് ഈ കരാറില്‍ പറയുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ്. അത് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം ലൈഫ് മിഷന് തന്നെയാണ്. അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിന് കഴിയില്ല. 

സംസ്ഥാന സര്‍ക്കാരും റെഡ് ക്രെസന്റ് എന്ന സംഘടനയുമായി കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് ധാരണാപത്രം ഒപ്പിടുന്നത്. ഒരു രാജ്യത്ത് നിന്ന് നേരിട്ട് പണം വാങ്ങാന്‍ പറ്റാത്തതുകൊണ്ടാണ് സന്നദ്ധസംഘടന വഴി നേരിട്ട് പണം വാങ്ങാതെ പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുതയെന്താണെന്ന് വെച്ചാല്‍ ജൂലൈ 31ന് ഒപ്പിട്ട രേഖ എറണാകുളം ആസ്ഥാനമായിട്ടുള്ള യൂണിടാക് ബില്‍ഡേഴ്‌സുമായും അവരുടെ മറ്റൊരു കമ്പനിയായ സെയ്ന്റ് വെഞ്ച്വേഴ്‌സുമായിട്ടാണ്. രണ്ട് കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഒന്ന് ആശുപത്രി നിര്‍മ്മാണത്തിനുള്ളതും രണ്ട് 140 ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനുമായിട്ടും. കരാറില്‍ ഒപ്പിട്ടിരിക്കുന്നതാകട്ടെ നിര്‍മ്മാണ ചുമതല നല്‍കിയ റെഡ് ക്രെസന്റ് അല്ല. മറിച്ച് യുഎഇ കോണ്‍സുലേറ്റ് ജനറലും യൂണിടാക് എംഡി സന്തോഷ് ഈപ്പനും തമ്മിലാണ്. യുഎഇ കോണ്‍സുലേറ്റ് ഇത്തരമൊരു കരാറുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. 

യൂണിടാക് ബില്‍ഡേഴ് നല്‍കിയിട്ടുള്ള പദ്ധതി വളരെ മികച്ച ഒന്നാണെന്നും അതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാമെന്നും പറഞ്ഞുകൊണ്ട് ലൈഫ് മിഷന്റെ സിഇഒ യുവി ജോസ് ഓഗസ്റ്റ് മാസത്തില്‍ റെഡ് ക്രെസന്റിന് ഒരു കത്തയച്ചിട്ടുണ്ട്. യൂണിടാകിനല്ല സര്‍ക്കാര്‍ ഇവിടെ കത്തയച്ചിരിക്കുന്നത് മറിച്ച് റെഡ് ക്രസന്റിനാണെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത. 

യുഎഇ കോണ്‍സുലേറ്റ് എന്ന് പറയുന്നത് ഒരു നയതന്ത്ര ഉദ്യോഗസ്ഥനാണ്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന് എങ്ങിനെ ഒരു സ്വകാര്യ കമ്പനിയുമായി നേരിട്ട് കരാറില്‍ ഒപ്പ് വെയ്ക്കാന്‍ പറ്റും? ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ യുഎഇ കോണ്‍സുലേറ്റുമായി കരാര്‍ ഒപ്പിട്ടിട്ടില്ല. യുഎഇ കോണ്‍സുലേറ്റും യൂണിടെക് ബില്‍ഡേഴ്‌സും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാറില്‍ ഒരു സ്ഥലത്ത് മാത്രം ഇതിന്റെ ഫണ്ടിങ് റെഡ് ക്രെസന്റ് എന്ന സ്ഥാപനം വഴിയാണെന്ന് പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരോ റെഡ് ക്രെസന്റ് എന്ന സ്ഥാപനമോ ഇതില്‍ ഒരു ഘട്ടത്തിലും കക്ഷിയാകുന്നില്ല. അതായത് തട്ടിപ്പിന് വേണ്ടിയാണ് ഈ കരാറുണ്ടാക്കിയതെന്ന് നിസ്സംശയം പറയാം. എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള ഏജന്‍സികളും ഇക്കാര്യം തന്നെയാണ് സംശയിക്കുന്നത്. 

3.2 കോടി രൂപ അതായത് കരാര്‍ തുകയുടെ ഇരുപത് ശതമാനത്തോളം തന്നോട് കമ്മീഷന്‍ ചോദിച്ചുവെന്നാണ് ഈ കരാറിനെത്തിയ യൂണിടെക് ഉടമ എല്ലാ ഏജന്‍സികളോടും പറഞ്ഞത്. കമ്മീഷന്‍ തുകയില്‍ ഒരു കോടി രൂപ, സ്വപ്‌ന ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നത് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി, സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിക്കൊണ്ടോ മറ്റോ സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മൗനം പാലിച്ചതായി വ്യക്തമാകുന്നു. സര്‍ക്കാരുമായി ധാരണാപത്രം ഉണ്ടാക്കിയ കമ്പനിയെ മറികടന്നുകൊണ്ട് യുഎഇ കോണ്‍സുലേറ്റ് എങ്ങിനെ കേരളത്തിലെ ഒരു കമ്പനിയുമായി ധാരണ പത്രം ഉണ്ടാക്കി? ഇത് സര്‍ക്കാര്‍ അറിഞ്ഞില്ലേ ? ഇവ പദ്ധതിയെ വരും കാലത്ത് ബാധിക്കുമോ? ഇക്കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റൂ. ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള സംശയങ്ങളും ദുരൂഹതകളും ശക്തമായിക്കൊണ്ടിരിക്കേ അവ നീക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.