• 26 Nov 2020
  • 12: 09 AM
Latest News arrow

ബാര്‍സയുമായുള്ള ആത്മബന്ധം അവസാനിപ്പിക്കുന്നു; ക്ലബ് വിടാനൊരുങ്ങി മെസ്സി

ബാര്‍സലോണ വിടാനുള്ള ആഗ്രഹം ക്ലബിനെ അറിയിച്ച് ലയണല്‍ മെസ്സി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയണ്‍ മ്യൂണിക്കിനോടേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ബാര്‍സ മാനേജ്‌മെന്റും മെസ്സിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായിരുന്നു. എന്നാല്‍ 2021 വരെയാണ് ബാഴ്‌സയുമായി മെസ്സിയ്ക്ക് കരാറുള്ളത്. ഈ കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഓരോ സീസണിന്റെയും അവസാനം കരാര്‍ അവസാനിപ്പിച്ച് സൗജന്യമായി ക്ലബ് വിടാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥ മുതലാക്കിയാണ് മെസ്സി ബാര്‍സ വിടാനൊരുങ്ങുന്നതെന്നാണ് സൂചന. 

പതിനാലാമത്തെ വയസ്സ് മുതല്‍ ബാഴ്‌സയുമായി ഉള്ള ആത്മബന്ധം അവസാനിപ്പിക്കുകയാണെന്ന് ഒരു ഫാക്‌സ് സന്ദേശത്തിലൂടെ മെസ്സി അറിയിച്ചിട്ടുണ്ട്. എന്നാല്‍ മെസ്സിയെ എളുപ്പം വിട്ടുകളയാന്‍ ബാഴ്‌സ തയ്യാറല്ലെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കരാര്‍ റദ്ദാക്കാനുള്ള സമയപരിധി ജൂണ്‍ പത്തിന് അവസാനിച്ചുവെന്നാണ് ബാഴ്‌സ മാനേജ്‌മെന്റ് പറയുന്നത്. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിലെ മത്സരങ്ങള്‍ ഓഗസ്റ്റ് വരെ നീണ്ടുപോയത് കരാര്‍ വ്യവസ്ഥയെ ബാധിക്കില്ലെന്നും ബാര്‍സ മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ആ വാദം വിജയിച്ചാല്‍ മറ്റേതെങ്കിലും ക്ലബ്, ബാര്‍സയ്ക്ക് 6148 കോടി രൂപ നല്‍കുകയും മെസ്സിയ്ക്ക് ക്ലബ് വിടുകയും ചെയ്യാം. എന്നാല്‍ മത്സരങ്ങള്‍ അവസാനിക്കാതെ സീസണ്‍ അവസാനിക്കില്ലെന്ന വാദം മെസ്സിയും ഉന്നയിച്ചേക്കും.