യുഎയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 930 പുതിയ കേസുകള്‍

ദുബായ്: യുഎഇയില്‍ ഇന്ന് 930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണങ്ങളും യുഎഇയിലുണ്ടായി.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു. അനാവശ്യ ഒത്തുകൂടലുകള്‍ ഒഴിവാക്കണം. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. ഒത്തുകൂടലുകളില്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച എല്ലാ നിയന്ത്രണങ്ങളും പാലിക്കണം. പുതിയ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 88 ശതമാനവും വിവാഹം, ജോലി, മറ്റ് സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയിലൂടെ പടര്‍ന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ ആകെ രോഗികളുടെ എണ്ണം 76,911ലെത്തി. പുരുഷന്മാരിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്- 62 ശതമാനം. ഇവരില്‍ 12 ശതമാനം പേര് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ യുഎഇയില്‍ എത്തിയവരാണ്.