• 22 Oct 2020
  • 02: 39 AM
Latest News arrow

''ഒരു മകളെ കേള്‍ക്കുന്നത് പോലെ തന്നെ കേട്ടു''; ഗവര്‍ണറെ കണ്ട് നടി കങ്കണ

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരുമായി പരസ്യയുദ്ധം പ്രഖ്യാപിച്ച നടി കങ്കണ റണൗട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരയുമായി കൂടിക്കാഴ്ച നടത്തി. സഹോദരി രംഗോലിയ്‌ക്കൊപ്പമാണ് കങ്കണ ഗവര്‍ണറുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടത്. ഒരു മകളെ കേള്‍ക്കുന്നതുപോലെ ഗവര്‍ണര്‍ തന്നെ കേട്ടുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ പറഞ്ഞു.

''ഞാന്‍ നേരിട്ട അനീതിപരമായ സ്വീകരണത്തെക്കുറിച്ച് ഗവര്‍ണറോട് സംസാരിച്ചു. എനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുവഴി യുവതികള്‍ അടങ്ങുന്ന എല്ലാ പൗരന്‍മാര്‍ക്കും ഈ വ്യവസ്ഥിതിയോടുള്ള വിശ്വാസം പുന:സ്ഥാപിക്കപ്പെടും. ഗവര്‍ണര്‍ എന്നെ ഒരു മകളെപ്പോലെ കണ്ട് കാര്യങ്ങള്‍ കേട്ടറിഞ്ഞത് ഭാഗ്യമായി കരുതുന്നു.'' കങ്കണ റണൗട്ട് പറഞ്ഞു.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെ കങ്കണ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ നടിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. കങ്കണയുടെ മുംബൈയിലെ ഓഫീസ് ശിവസേന ഭരിക്കുന്ന ബിഎംസി ഇടിച്ചു നിരത്തുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് കങ്കണ വിശേഷിപ്പിച്ചതോടെ കങ്കണയും ശിവസേന നേതാക്കളും തമ്മിലെ വാക്‌പോര് മൂര്‍ച്ഛിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണ, ഗവര്‍ണറെ കാണാനെത്തിയത്.