• 22 Oct 2020
  • 02: 37 AM
Latest News arrow

എന്‍ഐഎയ്ക്കും ഇഡിയ്ക്കും പിന്നാലെ ജലീലിന് അടുത്ത കടമ്പ; മതഗ്രന്ഥം എത്തിച്ചതില്‍ കസ്റ്റംസ് കേസെടുത്തു

കൊച്ചി: മന്ത്രി കെടി ജലീലിനെ ഇന്നലെ എന്‍ഐഎ ചോദ്യം ചെയ്തതിന് പിന്നാലെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ശക്തമാക്കുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് കസ്റ്റംസും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസും കേസെടുത്തിട്ടുണ്ട്. നയതന്ത്ര ചാനല്‍ വഴി ഇറക്കുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന കണ്ടെത്തലാണ് കസ്റ്റംസിനുള്ളത്.

എന്‍ഐഎയ്്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും പിന്നാലെ കെടി ജലീലിന് അടുത്ത കടമ്പയായി മാറുകയാണ് കസ്റ്റംസ്. മതഗ്രന്ഥങ്ങള്‍ കൂടാതെ 17,000 കിലോ ഈത്തപ്പഴും നയതന്ത്ര ചാനല്‍ വഴി എത്തിച്ച് കേരളത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷയ്ക്ക് വേണ്ടിയും അവരുടെ ഉപയോഗത്തിന് വേണ്ടിയും മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും അടക്കമുള്ള സാധനങ്ങള്‍ അവരുടെ ജന്‍മദേശത്ത് നിന്ന് നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യാം. ആ പരിരക്ഷയുടെ മറവിലാണ് ഇപ്പോള്‍ മതഗ്രന്ഥങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ കേരളത്തിലെത്തിക്കുകയും കേരളത്തിലും കേരളത്തിന് പുറത്തും വിതരണം ചെയ്യുകയും ചെയ്തത്. ഇത് നിയമലംഘനമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 

ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ കസ്റ്റംസ് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പ്രാഥമിക വിലയിരുത്തല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷമായിരിക്കും മന്ത്രി കെടി ജലീലിനെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അടക്കം ചോദ്യം ചെയ്യുക.