• 22 Oct 2020
  • 03: 05 AM
Latest News arrow

കൊട്ടിയത്തെ റംസിയുടെ മരണം; അന്വേഷണം ക്രൈബ്രാഞ്ചിന്; സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍

കൊട്ടിയം: കൊട്ടിയത്തെ റംസിയുടെ മരണത്തില്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്. റംസിയുടെ അച്ഛനും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും കൊല്ലം സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. നിലവില്‍ കേസ് അന്വേഷിക്കുന്ന കൊട്ടിയം പൊലീസില്‍ വിശ്വാസമില്ലെന്നും വരനായ ഹാരിസ് മുഹമ്മദിന് അനുകൂലമായ ചില നിലപാടുകള്‍ പൊലീസ് സ്വീകരിക്കുന്നുവെന്നും ഹാരിസ് മുഹമ്മദിന്റെ അമ്മ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 

പരാതിയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറെ ഹാരിസിന്റെ വീട്ടിലേക്ക് വിടുകയും ഹാരിസിന്റെ ബന്ധുക്കളെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് കൊല്ലത്തെ ക്രൈംബ്രാഞ്ച് എസിപി അഭിലാഷിന് ഈ കേസിന്റെ അന്വേഷണച്ചുമതല കൈമാറിയത്.  കേസ് ഡയറിയുള്‍പ്പെടെയുള്ളവ കൊട്ടിയം പൊലീസ് ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും.

അതേസമയം സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദിന് ഈ കേസുമായി അടുത്ത ബന്ധമുണ്ടെന്നും റംസിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇതോടെ ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 21-ാം തിയതി കോടതി ഈ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ഹാരിസ് മുഹമ്മദിന്റെ അമ്മയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.