• 22 Oct 2020
  • 02: 47 AM
Latest News arrow

എറണാകുളത്ത് നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍; ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ എറണാകുളത്ത് നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മൂന്ന് ഭീകരരെ എറണാകുളത്ത് നിന്ന് പിടികൂടിയിരിക്കുന്നത്. ആറ് പേരെ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ മാസം പതിനൊന്നാം തിയതി മുതല്‍ ഭീകരര്‍ക്കായി എന്‍ഐഎ തിരച്ചില്‍ തുടങ്ങിയിരുന്നു. ആ അന്വേഷണമാണ് ഇപ്പോള്‍ ഒമ്പത് പേരുടെ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്. മൂര്‍ഷിദ് ഹസ്സന്‍, ഇയാത്തു ബിശ്വ, മുഷാറഫ് ഹുസ്സന്‍ എന്നിവരാണ് എറണാകുളത്ത് നിന്ന് പിടിയിലായത്. ഇവര്‍ പശ്ചിമബംഗാളില്‍ നിന്ന് എറണാകുളത്തേയ്ക്ക് വന്നവരായിരിക്കും. പേരില്‍ നിന്നും ഇവര്‍ മലയാളികളല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഇവര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച് അവിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

പശ്ചിമബംഗാളിലും കേരളത്തിലും കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്ന ഗ്രൂപ്പില്‍ പെട്ടവരാണ് അറസ്റ്റിലായവര്‍. ഇവര്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎയ്ക്ക് വ്യക്തമായിട്ടുണ്ട്. ഇവരില്‍ നിന്നും നിരവധി സാധനങ്ങളും എന്‍ഐഎ പിടിച്ചെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദുമായി ബന്ധപ്പെട്ട സാധനങ്ങള്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, സുരക്ഷാ കവചങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നത് വിശദീകരിക്കുന്ന രേഖകള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്.