• 26 Nov 2020
  • 01: 35 AM
Latest News arrow

അറസ്റ്റിലായ അല്‍ഖ്വയ്ദ ഭീകരരുടെ ബന്ധങ്ങള്‍ തേടി എന്‍ഐഎ; റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് അറസ്റ്റിലായ അല്‍ ഖ്വയ്ദ ഭീകരവാദികള്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടോയെന്ന് കൂടുതല്‍ പേരെ എന്‍ഐഎ അന്വേഷിക്കുന്നു. ഈ ഭീകരര്‍ ബംഗ്ലാദേശില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങാന്‍ ശ്രമിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും അറസ്റ്റിലായ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് ഹംസ എന്ന അപരനാമമുള്ള പാകിസ്ഥാന്‍ അല്‍ ഖ്വയ്ദ ഭീകരനാണെന്നും കണ്ടെത്തി. 

അറസ്റ്റിലായവരില്‍ മൂര്‍ഷിദ് ഹസ്സന്‍ എന്നയാളാണ് എല്ലാവര്‍ക്കും നേതൃത്വം നല്‍കിക്കൊണ്ടിരുന്നത്. പാകിസ്ഥാനിലെ അല്‍ ഖ്വയ്ദയുടെ ഹംസ എന്ന ഭീകരനുമായി മുര്‍ഷിദ് നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നു. കൂടുതല്‍ പേരെ ഭീകരവാദ ആക്രമണങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാന്‍ ഹംസ മുര്‍ഷിദിനോട് ആവശ്യപ്പെട്ടതായാണ് സൂചന. 

മുര്‍ഷിദും അറസ്റ്റിലായ മറ്റ് രണ്ട് പേരുമായും ബന്ധമുള്ളവര്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റിലായവര്‍ പ്രാദേശികമായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ അല്‍ ഖ്വയ്ദയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വൈകുന്നത് കാരണമാണ് ബംഗ്ലാദേശില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തി സ്‌ഫോടകവസ്തുക്കള്‍ ഏറ്റുവാങ്ങുന്നത് ലോക്ക്ഡൗണ്‍ കാരണം വൈകിയെന്നും അറസ്റ്റിലായവരില്‍ ചിലര്‍ മൊഴി നല്‍കിയതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.