• 26 Nov 2020
  • 01: 02 AM
Latest News arrow

അണ്‍ലോക്ക് 4 ഇന്ന് മുതല്‍; പൊതുചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രം തുടര്‍ച്ചയായി നാല് ദിവസവും 4000ത്തിലധികമാണ് പുതിയ കൊവിഡ് കേസുകള്‍. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് നാലാംഘട്ടത്തിലേക്ക്ക് കടന്നിരിക്കുന്നു. അണ്‍ലോക്ക് 4 ന്റെ ഭാഗമായുള്ള ഇളവുകള്‍ ഇന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വരും. 

പൊതുചടങ്ങുകളില്‍ പരമാവധി നൂറ് പേര്‍ക്ക് വരെ ഇനി പങ്കെടുക്കാം. അക്കാദമിക, വിനോദ, കായിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, സാമൂഹിക ചടങ്ങുകളില്‍ ആണ് ഇളവ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാം. ഇത്തരം ഇളവുകള്‍ ഉള്ളപ്പോഴും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, തെര്‍മ്മല്‍ സ്‌കാനിങ് എന്നിവ നിര്‍ബന്ധമായും പാലിച്ചിരിക്കണം.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെത്താം. രക്ഷിതാവിന്റെ സമ്മതത്തോടെയാണ് ഇവര്‍ സ്‌കൂളുകളിലേക്ക് എത്തേണ്ടത്. അധ്യാപകരില്‍ നിന്ന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളില്‍ 50 ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്‌കൂളിലെത്താം. ഓണ്‍ലൈന്‍ അധ്യാപനം, ടെലി കൗണ്‍സിലിങ് എന്നിവയ്ക്കായി ഇവര്‍ക്ക് സ്‌കൂളിലെത്താമെന്നും നിര്‍ദേശമുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യം മുഴുവനും വേണ്ടി ഇറക്കിയ ഇളവുകളാണിവ. എന്നാല്‍ ഇവ അതേപടി സ്വീകരിക്കണമോ വേണ്ടയോ എന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനിക്കാം.