• 26 Nov 2020
  • 12: 51 AM
Latest News arrow

മക്കള്‍ക്കായി അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഒരു അമ്മ; സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സാ ചെലവ് വഹിക്കും

എറണാകുളം: മക്കളുടെ ചികിത്സയ്ക്കായി അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഒരു അമ്മ. അഞ്ച് മക്കളുമായി എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ അമ്മ കുടില്‍ കെട്ടി സമരം നടത്തുകയായിരുന്നു. എറണാകുളത്ത് താമസമാക്കിയ മലപ്പുറം സ്വദേശിയായ ശാന്തിയും കുടുംബവുമാണ് സമരം നടത്തുന്നത്. മക്കളുടെ ചികിത്സയ്ക്കായി പണമില്ലാത്തതാണ് ശാന്തിയെ ഇത്തരമൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ആരോഗ്യമന്ത്രി കെകെ ശൈലജ ശാന്തിയുമായി സംസാരിക്കുകയും മക്കളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലയണ്‍സ് ക്ലബ് വീട്ടു വാടക നല്‍കിക്കൊള്ളാമെന്ന ഉറപ്പില്‍ വാടക വീട്ടിലേക്ക് മാറാനും ശാന്തി സമ്മതിച്ചു. ഇതോടെ പ്രശ്‌നത്തിന് പരിഹാരമായി. 

മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കുവാനും വേണ്ടി അമ്മയുടെ ശരീരാവയവങ്ങള്‍, ഹൃദയമുള്‍പ്പെടെ വില്‍പ്പനയ്ക്ക് എന്ന് എഴുതിയ ബാനറുമായാണ് ശാന്തി റോഡരികിലേക്ക് എത്തിയത്. ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. എന്നാല്‍ കുട്ടികളെ ഈ അവസ്ഥയിലാക്കിയിട്ട് മരിക്കാന്‍ തനിക്കാകുന്നില്ലെന്ന് ശാന്തി പറയുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ അവയവങ്ങള്‍ വിറ്റിട്ടാണെങ്കിലും കുട്ടികളെ രക്ഷപ്പെടുത്തുവാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും ആ അമ്മ പറയുന്നു. 

അഞ്ച് മക്കളാണ് ശാന്തിയ്ക്കുള്ളത്. നാല് ആണും ഒരു പെണ്ണും. ശാന്തിയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു പോയി. അതിനാല്‍ കുടുംബം നോക്കിയിരുന്നത് മൂത്ത മകനായിരുന്നു. ഇയാള്‍ക്ക് ഒരു ആക്‌സിഡന്റില്‍ തല രണ്ടായി പിളര്‍ന്നുപോകുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കാലിനും തകരാറുള്ളതിനാല്‍ നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ജന്‍മനാ അസുഖബാധിതനാണ് രണ്ടാമത്തെ മകന്‍. മൂന്നാമത്തെ മകനും ആക്‌സിഡന്റ് സംഭവിച്ചു കിടപ്പിലായിരിക്കുകയാണ്. നാലാമത്തെ മകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മകളും അസുഖബാധിതയാണ്. ഈ കുട്ടിയ്ക്ക് തലയ്ക്ക് മൂന്ന് ഓപ്പറേഷന്‍ പറഞ്ഞിട്ടുണ്ട്.