• 26 Nov 2020
  • 12: 56 AM
Latest News arrow

''നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ പറ്റില്ല''; സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഇങ്ങിനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകില്ല. സര്‍ക്കാരിന്റെ ഈ ആവശ്യം നിലനില്‍ക്കില്ല എന്നും തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. 

കേസില്‍ ഇന്നത്തെ മന്ത്രിമാരായിട്ടുള്ള കെടി ജലീല്‍, ഇപി ജയരാജന്‍ ഉള്‍പ്പെടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാരെ പ്രതിചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് പിന്‍വലിക്കാനായി മുഖ്യമന്ത്രി ഉത്തരവിട്ടത്. കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവും ബിജെപിയും തടസ്സവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായുള്ള കേസ് പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ആദ്യം ഈ കേസ് മാറ്റിയിരുന്നു. പിന്നീട് തിരുവനന്തപുരം സിജെഎം കോടതിയോട് തന്നെ വിശദമായുള്ള വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തടസ്സവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരുടെയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയിരിക്കുന്നത്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ വേണ്ടി നടന്ന ബഹളങ്ങളാണ് ഈ കേസിന് ആസ്പദം. അന്നത്തെ കയ്യാങ്കളിയില്‍ നിയമസഭയ്ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട കാര്യങ്ങളാണ് അന്ന് നടന്നത്.