• 05 Mar 2021
  • 06: 19 PM
Latest News arrow

ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലിലാക്കിയ കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്ത്?

ഝാര്‍ഖണ്ഡിലെ ആദിവാസികളെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കാനും മാഫിയകള്‍ക്കെതിരെ പോരാടാനും ശക്തരാക്കുന്നതില്‍ നിരവധി പൗരവകാശപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. അതില്‍ പ്രമുഖനാണ് 84 കാരനായ ഫാ. സ്റ്റാന്‍ സ്വാമി. കഴിഞ്ഞ 50 വര്‍ഷമായി പാവപ്പെട്ടവര്‍ക്കിടയില്‍ സ്റ്റാന്‍ സ്വാമി ജീവിക്കുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച എന്‍ഐഎ രാത്രി വീട്ടിലെത്തി സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് തന്നെ കേസില്‍ പ്രതിയാക്കി കുറ്റപത്രവും നല്‍കി. മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് പൗരവകാശപ്രവര്‍ത്തകരെ ജയിലിലടയ്ക്കുമ്പോള്‍ എന്ത് സന്ദേശമാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്? 

'' എന്റെ കംപ്യൂട്ടറില്‍ നിന്നെടുത്തത് എന്ന് പറഞ്ഞ് അവര്‍ ചില രേഖകള്‍ കാണിച്ചു. അത് മാവോയിസ്റ്റുകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ രേഖകളാണെന്നാണ് പറഞ്ഞത്. രേഖകളില്‍ എന്റെ പേരും ഉണ്ടായിരുന്നു. ഇത് ആര് എഴുതിയതാണെന്ന് ഞാന്‍ ചോദിച്ചു. ആര്‍ക്കാണ് എഴുതിയതെന്നുനം എന്ന് എഴുതിയതെന്നും ഒപ്പു വെച്ചിട്ടുണ്ടോയെന്നുമെല്ലാം ചോദിച്ചു. ഇതിനൊന്നും അവര്‍ക്ക് മറുപടിയില്ലായിരുന്നു.''

എല്ലാം മുന്‍കൂട്ടി കണ്ടിരുന്ന ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിന് മുമ്പ് എടുത്ത വീഡിയോയില്‍ പറഞ്ഞതാണിത്. അറസ്റ്റ് ചെയ്തുകൊണ്ടുപോയ എന്‍ഐഎ അദ്ദേഹത്തെ 15 മണിക്കൂര്‍ ചോദ്യം ചെയ്തു. ഭീമ-കൊറേഗാവ് കേസില്‍ സ്വാമിയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന എന്തെങ്കിലും ചോദ്യം ചെയ്യലില്‍ കാട്ടിയില്ലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പിന്നീട് വീണ്ടും മുംബൈയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. മഹാമാരിയ്ക്ക് ഇടയില്‍ യാത്രയ്ക്ക് തന്റെ പ്രായം തടസ്സമാണെന്ന് സ്വാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പകല്‍ എത്താതെ രാത്രി എന്‍ഐഎ എത്തി. നേരം ഇരുട്ടി വെളുത്തപ്പോള്‍ സ്റ്റാന്‍ സ്വാമി സിപിഐ മാവോയിസ്റ്റാണെന്ന് പറഞ്ഞുകൊണ്ട് എന്‍ഐ കുറ്റപത്രം തയ്യാറാക്കി. മാവോയിസ്റ്റുകളുടെ പണം സ്വീകരിച്ചെന്ന ആരോപണവും അവര്‍ അദ്ദേഹത്തിന് മേല്‍ ചാര്‍ത്തിക്കൊടുത്തു. ജീവിതം ആദിവാസികളുടെ അവകാശങ്ങള്‍ക്കായി നല്‍കിയ അവരുടെ സ്‌നേഹം ഏറ്റുവാങ്ങിയ സ്റ്റാന്‍ സ്വാമിയ്ക്കാണ് ഈ അനുഭവം. 

ഝാര്‍ഖണ്ഡില്‍ സിസ്റ്റര്‍ വല്‍സ ജോണ്‍ കൊല്ലപ്പെട്ടതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ അന്നത്തെ യുപിഎ സര്‍ക്കാരിന് ഇടപെടേണ്ടി വന്നു. കല്‍ക്കരി മാഫിയ ഗ്രാമീണ ജനതയെ കുടിയിറക്കാന്‍ നോക്കിയപ്പോള്‍ ചെറുത്ത് നില്‍പ്പിന് സിസ്റ്റര്‍ വല്‍സ ജോണ്‍ നേതൃത്വം നല്‍കിയിരുന്നു. അമ്പതിലധികം അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് സിസ്റ്ററെ കൊലപ്പെടുത്തിയത്. ഫാ. സ്റ്റാന്‍ സ്വാമിയും വന്‍ വ്യവസായികളുടെ കണ്ണിലെ കരടായത് വനമേഖലകളില്‍ അവരുടെ കടന്നുവരവ് ചെറുത്തതുകൊണ്ടാണ്. ഖനി മാഫിയയ്‌ക്കെതിരായ നിരന്തര സമരത്തിലായിരുന്നു സ്റ്റാന്‍ സ്വാമി. 

വനവകാശ നിയമം ഉള്ളതുകൊണ്ട് ആദിവാസികള്‍ക്ക് അവരുടെ പ്രദേശത്ത് പൂര്‍ണ അധികാരം ഉണ്ട്. പക്ഷേ അവര്‍ക്ക് അത് അറിയില്ല. അവരുടെ ഈ അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവ് കൊടുക്കുന്നത് ഇപ്പോള്‍ കുറ്റമായി മാറ്റിയിരിക്കുകയാണ്. അങ്ങിനെയുള്ളവരെ കുറ്റവാളികളാക്കാന്‍ വേണ്ടി അവര്‍ക്ക് ഭരണകൂടം മാവോയിസ്റ്റ് എന്ന പേര് ചാര്‍ത്തിക്കൊടുക്കും. 

എന്നാല്‍ സ്റ്റാന്‍ സ്വാമിയ്ക്ക് നക്‌സല്‍, മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധങ്ങളുണ്ട് എന്ന ആരോപണം, സ്റ്റാന്‍ സ്വാമിയെയും ആദിവാസികള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും കൃത്യമായി അറിയാവുന്ന ഒരു വ്യക്തിയ്ക്കും അംഗീകരിക്കാന്‍ സാധിക്കില്ല. കാരണം ആദിവാസികളെ അക്രമത്തിന്റെ പാതയില്‍ നിന്ന് തോക്കിന്‍കുഴലിലൂടെ നീതി നേടിയെടുക്കാനുള്ള നക്‌സല്‍ ആഹ്വാനത്തിനെതിരെ എന്നും നിലനിന്നിട്ടുള്ള ഒരു വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമി. 

ആദിവാസികളുടെ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങിനെ സംരക്ഷിക്കാം എന്ന് ഫാ. സ്റ്റാന്‍ സ്വാമി ആലോചിച്ചു. അവരുടെ അധികാരം താഴെത്തട്ടില്‍ അംഗീകരിക്കുകയെന്നതാണ് മുഖ്യധാരയിലേക്ക് പല മനുഷ്യരെയും എത്തിക്കാനുള്ള വഴിയെന്ന് ഫാ. സ്റ്റാന്‍ കരുതി. ആ വഴി വ്യവസ്ഥാപിത രാഷ്ട്രീയ ധാരകള്‍ക്കും എതിരായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടം കിട്ടാത്തതും ഫാ. സ്റ്റാന്‍ സ്വാമിയ്‌ക്കെതിരായ ശത്രുത കൂട്ടി. 

ഭീമ കൊറേഗാവ് കേസില്‍ ഏഴാം പ്രതിയാണ് ഇപ്പോള്‍ ഫാ. സ്റ്റാന്‍ സ്വാമി. സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. മറ്റ് മാവോയിസ്റ്റുകളില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമി ഫണ്ട് സ്വീകരിച്ചിരുന്നുവെന്നതാണ് എന്‍ഐഎയുടെ മറ്റൊരു ആരോപണം. അര്‍ബന്‍ നക്‌സലുകള്‍ അറസ്റ്റിലാകുമ്പോള്‍ സിപിഐ മാവോയിസ്റ്റ് സംഘടനയെ അത് ബാധിക്കും എന്ന് ഫാ. സ്റ്റാന്‍ സ്വാമി ചിലരോട് പറഞ്ഞിരുന്നതായി എന്‍ഐഎ ആരോപിക്കുന്നു. 

മാവോയിസ്റ്റുകള്‍, അര്‍ബന്‍ നക്‌സലൈറ്റുകള്‍ എന്നൊക്കെയുള്ള പേരുകളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലഴിക്കുള്ളിലാകുമ്പോള്‍ എന്‍ഐഎ രൂപീകരിച്ചതിന്റെ ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെടുകയാണ്. അസ്വസ്ഥതയുളവാക്കുന്ന പല തീരുമാനങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടുമിരിക്കുന്നു.