• 26 Nov 2020
  • 12: 37 AM
Latest News arrow

വാദങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്; നില്‍ക്കക്കള്ളിയില്ലാതെ ശിവശങ്കര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ബന്ധമുള്ളതിന് കസ്റ്റംസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കേസിലെ പ്രതിയായ സന്ദീപ് നായരുമായി ജൂലൈ അഞ്ചാം തിയതി സ്വര്‍ണം പിടിച്ചെടുത്തതിന് ശേഷം ശിവശങ്കര്‍ ബന്ധപ്പെട്ടെന്ന സാക്ഷിമൊഴിയാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നിഷേധിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ കെടി റമീസിനൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോള്‍ ആ ഫോട്ടോ യഥാര്‍ത്ഥമല്ലെന്നായിരുന്നു ശിവശങ്കറുടെ മറുപടി. 

ഔദ്യോഗിക യാത്രകള്‍ക്ക് സ്വകാര്യ പാസ്‌പോര്‍ട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിച്ചതിനെക്കുറിച്ചും കസ്റ്റംസ് ചോദിക്കുകയുണ്ടായി. എന്നാല്‍ അതെല്ലാം സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നാണ് ശിവശങ്കര്‍ വിശദീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവന്‍ ചെലവും വഹിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഈ വാദങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെയും ശിവശങ്കര്‍ രേഖകള്‍ ഹാജരാക്കിയിട്ടില്ല. 

സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഐഫോണുകളില്‍ ഒന്ന് സ്വപ്‌ന ശിവശങ്കറിന് സമ്മാനിച്ചിരുന്നു. എന്നാല്‍ സന്തോഷ് ഈപ്പന്‍ പറഞ്ഞ അഞ്ച് ഐഫോണുകളില്‍ പെട്ടതാണോ ഇതെന്ന് വ്യക്തമല്ല.

വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ താന്‍ കമ്മീഷനായി നല്‍കിയ 3.80 കോടി രൂപയും സ്വപ്‌നയും കൂട്ടരും ഡോളറാക്കി വിദേശത്തേയ്ക്ക് കടത്തിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇങ്ങിനെ രൂപ ഡോളറാക്കി മാറ്റുന്നതില്‍ ശിവശങ്കറിന്റെ സഹായം ഉണ്ടോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 

അതേസമയം മതഗ്രന്ഥങ്ങള്‍ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ശേഷം പുറത്ത് വിതരണം ചെയ്തതില്‍ ശിവശങ്കറിന് പങ്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഈന്തപ്പഴം അനാഥാലയങ്ങളില്‍ വിതരണം ചെയ്തതു തന്റെ നിര്‍ദേശപ്രകാരമാണെന്ന് ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ശിവശങ്കറില്‍ നിന്ന് പിഴ ഈടാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.