• 26 Nov 2020
  • 01: 40 AM
Latest News arrow

''നിലപാടുകളിലെ നിര്‍ഭയത്വം, അടിച്ചമര്‍ത്തവരുടെ ശബ്ദം''; വിടപറയുന്നത് അസാമാന്യ വ്യക്തിത്വം

നിലപാടുകളുടെ ധീരതയായിരുന്നു ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായെ വ്യത്യസ്തനാക്കിയിരുന്നത്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റോം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായി 13 കൊല്ലം സഭയെ നയിച്ച ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് വലിയ വേദനയോടെയാണ് വിശ്വാസ സമൂഹം വിട ചൊല്ലുന്നത്. 

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 21-ാം മാര്‍ത്തോമ്മയാണ് ജോസഫ് മെത്രാപ്പൊലീത്താ. 2007 ഒക്ടോബര്‍ 2നായിരുന്നു സ്ഥാനാരോഹണം. 1931 ജൂണ്‍ 27ന് മാരാമണിലായിരുന്നു ജനനം. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്‍പ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ട് തന്നെയായിരുന്നു ജോസഫ് മെത്രാപ്പൊലീത്തായുടെയും കുടുംബം. കുടുംബത്തിലെ അഞ്ചാമത്തെ മെത്രാപ്പൊലീത്തായാണ് ജോസഫ് മാര്‍ത്തോമ്മ.

പിടി ജോസഫ് എന്നായിരുന്നു ആദ്യ നാമം. പിടി ലൂക്കോസും മറിയാമ്മയുമാണ് മാതാപിതാക്കള്‍. ആലുവ യുസി കോളേജിലെ പഠനത്തിന് ശേഷം ബെംഗളൂരു യുണൈറ്റഡ് തിയോളജി കോളേജില്‍ ചേര്‍ന്നു. 1957 ല്‍ പുരോഹിതനായി. 1975 ഫെബ്രുവരി 8ന് ജോസഫ് മാര്‍ ഐറേനിയൂസ് എന്ന നാമത്തില്‍ എപ്പിസ്‌ക്കോപ്പയായി. 1999ല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയായപ്പോള്‍ ജോസഫ് മാര്‍ ഐറേനിയൂസ് സഹ മെത്രാപ്പൊലീത്തയായി നിയോഗിക്കപ്പെട്ടു.

ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും പൊതുവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത. സ്വാതന്ത്ര്യ സമരകാലം നേരില്‍ കണ്ട അദ്ദേഹത്തിന് ഖദറിനോട് എന്നും പ്രിയമായിരുന്നു. 60കളില്‍ യുഎസില്‍ ഉന്നത പഠനം നടത്തി. ട്രാന്‍സ്ജന്‍ഡറുകളുടെ പുന:രധിവാസത്തിന് മുന്‍കയ്യെടുത്തതിലൂടെ അദ്ദേഹം സാമൂഹിക സേവനത്തിന്റെ പുതിയ പാത വെട്ടിത്തുറന്നു.

മാരാമണ്‍ കണ്‍വെഷന്റെ രജതജൂബിലി ആഘോഷം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. വിവിധ സഭകളുടെ ഒന്നിച്ചുള്ള കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കി. ആത്മീയാചാര്യനായി നിലകൊള്ളുമ്പോഴും തന്റെ നിലപാടുകള്‍ ആരുടെ മുമ്പിലും ധീരമായി പറയാന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മടി കാട്ടിയില്ല. 90-ാം ജന്‍മദിനാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി അദ്ദേഹത്തെ ആശംസിച്ചതും ശ്രദ്ധേയമായി. 

13 വര്‍ഷം മാര്‍ത്തോമ്മാ സഭാ വിശ്വാസികളെ നയിച്ച ഇടയനാണ് വിട ചൊല്ലുന്നത്. ഇനി വിശ്വാസികളുടെ ഹൃദയത്തിലാണ് ജോസഫ് മാര്‍ത്തോമ്മായുടെ സ്ഥാനം.