• 26 Nov 2020
  • 12: 39 AM
Latest News arrow

ശിവശങ്കര്‍ രണ്ടാംഘട്ട ആശുപത്രി വാസത്തിലേക്ക്; ഇത്തവണ ആയുര്‍വേദ ആശുപത്രിയില്‍

ഒന്നും ചെയ്യാനാകാതെ കസ്റ്റംസും ഇഡിയും; സിബിഐയ്ക്കും തിരിച്ചടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നേരെ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. 23ന് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ശിവശങ്കറിന്റെ രണ്ടാംഘട്ട ആശുപത്രി വാസം. 

ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് എം ശിവശങ്കര്‍ നേരെ പോയത് ആയുര്‍വേദ ആശുപത്രിയിലേക്കാണ്. വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് പ്രവേശിക്കപ്പെട്ടത്. നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമാണ് ചികിത്സ തേടിയിരിക്കുന്നത്. എത്ര ദിവസം ഇവിടെ തുടരുമെന്ന് വ്യക്തമല്ല. ചികിത്സാ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. 23ന് രണ്ട് കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് വരാനിരിക്കെയാണ് ശിവശങ്കര്‍ വീണ്ടും ആശുപത്രി വാസത്തിലേക്ക് കടന്നത്. ചികിത്സ തുടര്‍ന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കിലും കസ്റ്റംസിനും ഇഡിയ്ക്കും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ കഴിയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ശിവശങ്കറിന്റെ വാദവും ചികിത്സയിലാണെന്നാകും. ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷണത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന സിബിഐയ്ക്കും ഇത് തിരിച്ചടിയാകും.