• 26 Nov 2020
  • 01: 17 AM
Latest News arrow

''ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്, പെയിന്‍ കില്ലര്‍ കഴിച്ചാല്‍ മാറാവുന്ന നടുവേദനയേ ഉള്ളൂ''; കസ്റ്റംസ് ഹൈക്കോടതിയില്‍

തിരുവനന്തപുരം: എം ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് കസ്റ്റംസ്. ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് ശിവശങ്കര്‍ അസുഖം നടിക്കുന്നത്. അദ്ദേഹത്തിന്റെ തിരക്കഥ അനുസരിച്ചാണ് ആശുപത്രിയിലെ ചികിത്സ. മരുന്ന് കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പോയതെന്നും കസ്റ്റംസ് പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങി വരുമ്പോള്‍ തന്നെ ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് ശിവശങ്കറിന് അസുഖം ബാധിച്ചത്. ഇത് അദ്ദേഹത്തിന്റെ തിരക്കഥയായിരുന്നു. ഇതിന് അനുസരിച്ചാണ് പിന്നീടുള്ള കാര്യങ്ങള്‍. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നടന്ന വൈദ്യപരിശോധനയില്‍ ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായി. അതിന് ശേഷം നടുവേദനയാണെന്ന് ശിവശങ്കര്‍ പറഞ്ഞു. ഒരു വേദനസംഹാരി കഴിച്ചാല്‍ മാറാവുന്ന നടുവേദന മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.