• 25 Nov 2020
  • 11: 41 PM
Latest News arrow

മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗിക ബന്ധമെന്ന് സ്വപ്‌ന; മകന്റെ ജോലിക്കാര്യത്തിന് കടകംപള്ളി കോണ്‍സുലേറ്റിലെത്തിയെന്ന് സരിത്ത്; കെടി ജലീലിനെതിരെയും മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രമാണെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ കുടുംബവുമായോ തനിക്ക് ബന്ധമൊന്നുമില്ല. ഔദ്യോഗികമായി മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.  

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശന സമയത്ത് ഷാര്‍ജാ ഭരണാധികാരിയെ ആചാരപ്രകാരം സ്വീകരിക്കേണ്ടതെങ്ങിനെയെന്ന് തന്റെ ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ തന്റെ പിതാവ് മരിച്ചപ്പോള്‍ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയുണ്ടായി. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് മുഖ്യമന്ത്രി വിളിച്ചതെന്നും സ്വപ്‌ന ഇഡിയെ അറിയിച്ചു.

അതേസമയം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും പലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തും മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളിയെത്തിയതെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.