• 26 Nov 2020
  • 02: 00 AM
Latest News arrow

കൊവിഡ് ചികിത്സയിലെ പിഴവ്: കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികള്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. കൊവിഡ് ബാധിച്ച് മരിച്ച ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ ആശുപത്രിയ്‌ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്. ഡോ. നജ്മ സലീമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മരിച്ച രണ്ട് പേര്‍ക്കും വെന്റിലേറ്റര്‍ ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്ന് നജ്മ വെളിപ്പെടുത്തിയിരുന്നു. ഐസിയുവില്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് മരിക്കുന്നതിന് മുമ്പ് ജമീല പറഞ്ഞതായി മകളും വെളിപ്പെടുത്തി. അതാണ് മരണകാരണമെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും ജമീലയുടെ മകള്‍ ഹയറുന്നീസ പറയുന്നു.

നല്ല ശ്രദ്ധ കിട്ടണമെങ്കില്‍ പണം കൊടുക്കണമെന്ന് മരിക്കുന്നതിന് മുമ്പ് ബൈഹക്കി സന്ദേശം അയച്ചതായി അദ്ദേഹത്തിന്റെ സഹോദരനും ഇപ്പോള്‍ വെളിപ്പെടുത്തി. 40,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അധികൃതരോട് അന്വേഷിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റാന്‍ വൈകിയെന്നും പരാതി നല്‍കുമെന്നും സഹോദരന്‍ ഗസ്‌നഫര്‍ പറയുന്നു.