• 26 Nov 2020
  • 01: 34 AM
Latest News arrow

''രോഗികളെ താന്‍ കണ്ടിട്ടുണ്ട്''; കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ആരോപണം തള്ളി ഡോ. നജ്മ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം തള്ളി നജ്മ. ഹാരിസും ബൈഹക്കിയും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അനാസ്ഥകളുണ്ടാകുന്നതായി സൂപ്രണ്ടിനെയും ആര്‍എംഒയെയും അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ഡോ. നജ്മ പറഞ്ഞു. 

ഹാരിസിനെയും ബൈഹക്കിയെയും ജമീലയെയും കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ മരിക്കുന്ന സമയത്ത് താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. അതല്ലാതെ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നൊന്നും എവിടെയും പറഞ്ഞിട്ടുമില്ല. ജമീലയുടെയും ബൈഹക്കിയുടെയും കാര്യത്തില്‍ അനാസ്ഥയുണ്ടായതായി കണ്ണില്‍പ്പെട്ടിട്ടുണ്ട്. അത് സിസ്റ്റര്‍മാരോട് പറഞ്ഞിരുന്നുവെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.

ജമീലയ്ക്ക് മാസ്‌ക് വെച്ചിരുന്നുവെങ്കിലും വെന്റിലേറ്റര്‍ ഓഫായിരുന്നു. രോഗി വേഗത്തില്‍ ശ്വസിക്കുന്ന ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. വെന്റിലേറ്റര്‍ താന്‍ തന്നെ ഓണ്‍ ആക്കിയ ശേഷം സിസ്റ്ററോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ബൈഹക്കിയുടേത് വെന്റിലേറ്റര്‍ എടുത്തുകൊണ്ടുവരാനുള്ള താമസമായിരുന്നു.

താന്‍ മുമ്പും എവിടെയും പരാതി എഴുതി നല്‍കിയിരുന്നില്ല. വാക്കാലാണ് പരാതികള്‍ പറഞ്ഞത്. അതെല്ലാം അവര്‍ പരിഹരിച്ചിട്ടുമുണ്ട്. 19ന് വെളുപ്പിന് ആര്‍എംഒയ്ക്കും സൂപ്രണ്ടിനും അനാസ്ഥ ചൂണ്ടിക്കാട്ടി ശബ്ദ സന്ദേശം അയച്ചിരുന്നു. ഹൈബി ഈഡന്റെ കത്ത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങിനെ ചെയ്തത്. പക്ഷേ, അതിന് ശേഷം അതിനെക്കുറിച്ച് അന്വേഷണമൊന്നും ഉണ്ടായില്ലെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.

ഒരു ജൂനിയര്‍ ഡോക്ടറല്ല ഐസിയു പ്രവര്‍ത്തിപ്പിക്കുന്നതെന്നും ആരോപണം ഉന്നയിച്ച ജൂനിയര്‍ ഡോക്ടര്‍ മരിച്ച രോഗിയെ കണ്ടിട്ടില്ലെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. സംശായസ്പദമായ കാര്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും വൈസ് പ്രിന്‍സിപ്പള്‍ ആരോപിച്ചിരുന്നു.