കൊവിഡ് വാക്സിന് എന്നെത്തും?

കൊവിഡ്-19 മഹാമാരി തുടങ്ങിയത് മുതല്‍ ലോകം ഉറ്റുനോക്കുന്നതാണ് വാക്സിന്റെ കണ്ടുപിടുത്തം. കൊവിഡിനെ ശാശ്വതമായി തുടച്ചുമാറ്റാനുള്ള ഏക പരിഹാരം വാക്സിനാണെന്നാണ് ലോകം വിലയിരുത്തുന്നത്. ഇപ്പോള്‍ പത്ത് വാക്സിനുകളാണ് പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലുള്ളത്. അതില്‍ ഒമ്പത് വാക്സിനുകളുടെയും പരീക്ഷണം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ഒരു വാക്സിന്റെ പരീക്ഷണം വിപരീത ഫലം കണ്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെയ്ക്കേണ്ടി വന്നു. ജോണ്സണ് ആന്‍ഡ് ജോണ്സണ് വികസിപ്പിക്കുന്ന വാക്സിനാണിത്.
ഈ വര്‍ഷം അവസാനത്തോടു കൂടി കൊവിഡ് വാക്സിന് എത്തുമെന്നാണ് ലോകാരോഗ്യ സംഘടന നല്കുന്ന പ്രതീക്ഷ. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന് എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വിലയിരുത്തുന്നു. ജനുവരിയില്‍ വാക്സിന് വിതരണം ആരംഭിച്ച് ജൂലൈയോടെ 25 കോടി പേര്‍ക്ക് വാക്സിന് ലഭ്യമാക്കുമെന്ന് ഡോ. ഹര്ഷവര്ധന് പറയുന്നു.
ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തില്‍ ഉള്ളത് മൂന്ന് വാക്സിനുകളാണ്. മനുഷ്യപരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഒന്ന് കൊവിഷീല്‍ഡ് എന്ന വാക്സിനാണ്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ വാക്സിനിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഡിസംബറോടെ കൊവിഷീല്‍ഡ് വാക്സിന്റെ പരീക്ഷണം പൂര്‍ത്തിയാവുകയാണെങ്കില്‍ ജനുവരിയോടെ വിപണിയിലെത്തും.
ഭരത് ബയോട്ടെക്ക് നിര്‍മ്മിക്കുന്ന കൊവാക്സിനാണ് രണ്ടാമത്തേത്. ഈ വാക്സിന് പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിനാണ്. ഐസിഎംആറിന്റെയും നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് കൊവാക്സിന് പരീക്ഷണം നടത്തുന്നത്. വാക്സിന് പരീക്ഷണം രണ്ടാം ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. അടുത്ത മാസത്തോടെ കൊവാക്സിന് പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍.
മൂന്നാമത്തെ വാക്സിനാണ് സൈക്കോവ് ഡി- സെഡസ് കാഡില. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി വികസിപ്പിക്കുന്ന വാക്സിനാണിത്. ഈ വാക്സിന്റെയും പരീക്ഷണം രണ്ടാം ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. അടുത്ത മാസത്തോടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.
മനുഷ്യപരീക്ഷണത്തിലേക്ക് കടക്കുന്ന ഒരു വാക്സിനാണ് സ്പുട്നിക്-5. റഷ്യന്‍ വികസിത വാക്സിനായ ഇത് ഇന്ത്യയില്‍ മനുഷ്യ പരീക്ഷണം നടത്തുന്നത് ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ആണ്. രണ്ട്, മൂന്ന് ഘട്ടത്തിലെ മനുഷ്യ പരീക്ഷണമാണ് ഇന്ത്യയില്‍ നടത്തുന്നത്.
വാക്സിന് പരീക്ഷണം വിജയിച്ചതുകൊണ്ട് മാത്രം കാര്യമായില്ല. അത് എല്ലാവര്ക്കും ലഭ്യമാവുക കൂടി വേണം. അതിന് കൃത്യമായ ശീതീകരണശൃംഖല തന്നെ സജ്ജമാക്കണം. കാരണം വാക്സിന് താഴ്ന്ന താപനിലയില്‍ മാത്രമേ സൂക്ഷിക്കാനാകൂ. വാക്സിന് വിതരണം നടത്തുന്നതിന് ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യമാണ്. നിലവില്‍ കൊവിഡ് പ്രതിരോധത്തിന് പോലും ആരോഗ്യപ്രവര്‍ത്തകര്‍ തികയാത്ത സാഹചര്യത്തില്‍ ഇതൊരു കനത്ത വെല്ലുവിളിയാകും. ആദ്യ ഘട്ടത്തില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമായിരിക്കും വാക്സിന് വിപണിയിലെത്തുക. അത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും തികയില്ല. അതുകൊണ്ട് ആര്‍ക്കൊക്കെ ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കണമെന്നതിനെക്കുറിച്ച് ഒരു മുന്‍ഗണനാ ക്രമം തയ്യാറാക്കണം. അതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാകുമെന്നാണ് വിവരം.
നിലവില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളില്‍ ഇപ്പോള്‍ പരീക്ഷണമൊന്നും നടത്തുന്നില്ല. നിലവില്‍ അന്തിമ ഘട്ടത്തിലെത്തി നില്ക്കുന്ന പത്ത് വാക്സിനുകളില്‍ ഒന്ന് മാത്രമാണ് കുട്ടികളില്‍ പരീക്ഷണം നടത്തിയത്. അത് ചൈനീസ് വാക്സിനാണ്. രണ്ടാഴ്ച മുമ്പാണ് ഇതിന്റെ കുട്ടികളിലുള്ള പരീക്ഷണം തുടങ്ങിയത്. ലോകം ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ വാക്സിന് പോലും കുട്ടികളില്‍ പരീക്ഷിച്ചിട്ടില്ല. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ കുട്ടികള്‍ക്ക് വേണ്ടിയുള്ള കൊവിഡ് വാക്സിന് വികസിപ്പിക്കുകയുള്ളൂവെന്നാണ് കരുതുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍