• 21 Jan 2021
  • 08: 19 PM
Latest News arrow

അര്‍ബുദ രോഗത്താല്‍ ആരോഗ്യം മോശം; ജാമ്യം വേണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന വിജിലന്‍സിന്റെ അപേക്ഷയും കോടതി പരിഗണിക്കും.

അര്‍ബുദ രോഗിയായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് 22 തവണ ചികിത്സ തേടിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ മാസം 19ന് കീമോ തെറാപ്പി ചെയ്തു. ഡിസംബര്‍ മൂന്നിന് വീണ്ടും ചെയ്യണം. എല്ലിനെയും മജ്ജയെയും ബാധിക്കുന്ന അര്‍ബുദ രോഗമായതിനാല്‍ കീമോയ്ക്ക് ശേഷം എല്ലുകള്‍ പൊട്ടുന്ന സ്ഥിതിയുള്ളതിനാല്‍ ആരോഗ്യം മോശമാണ്. 

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി നാല് ദിവസത്തെ വിജിലന്‍സ് കസ്റ്റഡി എന്ന ആവശ്യം അംഗീകരിച്ചില്ല. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഇബ്രാഹിം കുഞ്ഞിനെ മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കീമോ തെറാപ്പി മൂലം പ്രതിരോധ ശേഷിക്കുറവ് അണുബാധയ്ക്ക് കാരണമാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആശുപത്രി മാറ്റം സംബന്ധിച്ച് ഡിഎംഒയുടെ റിപ്പോര്‍ട്ട് തേടിയ കോടതി ഇക്കാര്യം ഇന്ന് പരിഗണിക്കും. കേസില്‍ അറസ്റ്റിലായ പതിമൂന്നാം പ്രതി നാഗേഷിന്റെ ജാമ്യഹര്‍ജിയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.