• 21 Jan 2021
  • 08: 44 PM
Latest News arrow

കര്‍ഷക സമരം ഏഴാം ദിവസത്തിലേക്ക്; മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമവായത്തിനില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം ഏഴാം ദിവസത്തിലേക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കര്‍ഷകരുമായി സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. അതേ സമയം വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയല്ലാതെ സമവായത്തിന് മറ്റ് മാര്‍ഗങ്ങളില്ലായെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. 

കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് തുടങ്ങിയ ശേഷം സമരം അവസാനിപ്പിക്കാന്‍ വേണ്ടി ചൊവ്വാഴ്ച നടന്ന ആദ്യ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കര്‍ഷക സംഘടനാ പ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതിയെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ നിയമിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമവായ നിര്‍ദേശം. എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത 35 സംഘടനാ പ്രതിനിധികളും ഉറച്ചുനിന്നു. ഇതോടെ ആദ്യവട്ട ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. രണ്ടാം വട്ട ചര്‍ച്ച വ്യാഴാഴ്ച നടക്കും. 

സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ടി കര്‍ഷകര്‍ ചെറിയ സംഘത്തെ അയക്കണമെന്ന് യോഗത്തില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് ടോമര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ കര്‍ഷകരെയും സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത കര്‍ഷക സംഘടന നേതാക്കള്‍ വ്യക്തമാക്കി. ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് ടോമര്‍, കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോംപ്രകാശ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കര്‍ഷക സമരം തീര്‍പ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.