• 28 Sep 2023
  • 01: 09 PM
Latest News arrow

''ഒരു ഇല കൊഴിഞ്ഞ് വീഴുന്നത് പോലെ...''

പ്രകൃതിയ്ക്ക് നോവുമ്പോഴെല്ലാം മലയാളി കേട്ട പ്രവചന സ്വരമായിരുന്നു സുഗതകുമാരി. സാംസ്‌കാരിക കേരളത്തിന്റെ മന:സാക്ഷിയെ പ്രകൃതി സംരക്ഷണത്തില്‍ അണിചേര്‍ക്കുക മാത്രമല്ല, ജയിച്ചതും തോറ്റതുമായ അസംഖ്യം സമരങ്ങളുടെ അരങ്ങിലും അണിയറയിലും നിന്ന സമരവീര്യത്തിന് കൂടിയാണ് ഇന്ന് തിരശ്ശീല വീണത്.

ബോധീശ്വര പൈതൃകത്തില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ഓംകാര മന്ത്രത്തിന്റെ കരുത്തിലേക്ക് അതീവ മനോഹരങ്ങളായ അക്ഷരങ്ങള്‍ കൊരുത്തിട്ട കവി മാത്രമായിരുന്നില്ല മലയാളികള്‍ക്ക് സുഗതകുമാരി. പുതുമഴ കണ്ട വരള്‍ച്ചയും പാല്‍ച്ചിരി കണ്ട മൃതിയും മറന്ന് പാവം മാനവ ഹൃദയത്തെ താലോലിച്ചിരുന്ന കവി ഒരുനാള്‍ പെടുന്നനെ പരിസ്ഥിതി പ്രവര്‍ത്തകയായി. 70കളുടെ അവസാനം നിശബ്ദ താഴ്‌വരയില്‍ നാമ്പിട്ട അതിനിസ്സായമായ പ്രതിഷേധ വാര്‍ത്ത കേട്ട് ഉള്ള് പൊള്ളിയപ്പോള്‍ ഇടപെടാതിരിക്കാന്‍ സുഗതകുമാരിയ്ക്ക് കഴിയുമായിരുന്നില്ല. ''വരൂ.. ഇവിടെ ഒരു കവിയുടെ കുറവുണ്ടെന്ന'' സൈലന്റ് വാലി പ്രതിഷേധക്കാരുടെ വിളി കേട്ട് വെറുതെ ചെന്നിരിക്കുകയായിരുന്നില്ല. വിളിച്ചാല്‍ വരുന്നവരെയും കണ്ടാല്‍ അറിയുന്നവരെയുമെല്ലാം സുഗതകുമാരി കൂടെക്കൂട്ടി. സൈലന്റ് വാലിയെ സംരക്ഷിക്കാന്‍ സാംസ്‌കാരിക കേരളത്തെ അവര്‍ ഐക്യപ്പെടുത്തി. പ്രണയാര്‍ദ്രമായിരുന്ന കവിതകള്‍ അവിടം മുതല്‍ ഇങ്ങോട്ട് പ്രതിഷേധത്തിന്റെ പടച്ചട്ടയണിഞ്ഞ് കേരളത്തിലങ്ങോളം ഇങ്ങോളം അലയടിച്ചു. ഭരണകൂടത്തിന് മുട്ട് മടക്കാതെ തരമില്ലായിരുന്നു. കേരളത്തിന്റെ സ്‌നേഹച്ചൂടില്‍ കുന്തിപ്പുഴ ശാന്തമായി ഒഴുകി. സൈരന്ധ്രിയിലെ മഴക്കാടുകള്‍ മനസ്സറിഞ്ഞ് നിശ്വസിച്ചു. സമരം ജയിച്ചു.

പിന്നെ സൈലന്റ് വാലി ഒരു പ്രതീകമായി. കവിയും കലാകാരനും പരിസ്ഥിതി സ്‌നേഹിയുമെല്ലാം കൈകോര്‍ത്തപ്പോള്‍ കേരളത്തിന് കാവലിരിക്കാന്‍ പ്രകൃതി സംരക്ഷണ സമിതിയുണ്ടായി.

''ഒരു തൈ നടാം നമ്മുക്ക് അമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം കൊച്ച് മക്കള്‍ക്ക് വേണ്ടി
ഒരു തൈ നടാം നൂറ് കിളികള്‍ക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി''

പിന്നീട് പതിറ്റാണ്ടുകള്‍ പലത് പെയ്‌തൊഴിഞ്ഞെങ്കിലും തുടങ്ങി വെച്ചതൊന്നും വഴിയലവര്‍ ഉപേക്ഷിച്ച് കളഞ്ഞില്ല. പ്രകൃതിയ്ക്ക് നൊന്തപ്പോഴെല്ലാം തൂലിക പടവാളായി. എണ്ണിയാലൊടുങ്ങാത്ത സമരമുഖങ്ങളില്‍ സുഗതകുമാരിയ്ക്ക് പിന്നില്‍ കേരള മനസാക്ഷി അണിനിരന്നു. കവി പാടിയപോലെ 'മംഗളശ്യാമ മഹാവിപിന്നങ്ങളും മാറ് ചേര്‍ന്നൊഴുകുന്ന പുഴയു'മെന്നതുപോലെ പലപ്പോഴും പ്രകൃതിയും പെണ്ണും ഇഴ ചേര്‍ന്നു.

പൂയംകുട്ടിയും ജീരപ്പാറയും തുടങ്ങി മാവൂരും കൂടംകുളവും വിളപ്പില്‍ശാലയും വരെ, എത്രയെത്ര പ്രതിഷേധങ്ങള്‍. തുറന്നെഴുത്തുകള്‍ മുതല്‍ മഹാമൗനങ്ങള്‍ വരെ എന്തൊക്കെ തരം സമരരീതികള്‍. അവസാനം അവസാനം ആറന്‍മുളയിലെ പാടം നികത്തി വിമാനത്താവളം പണിയാനിറങ്ങിയപ്പോള്‍ വരെ അനാരോഗ്യത്തോട് പടവെട്ടി സുഗതകുമാരി വയല്‍വരമ്പില്‍ കാവലിരുന്നു.

'എന്റെ കൂടപ്പിറപ്പുകളേ, നിങ്ങളീ ലോകത്തെ എന്ത് ചെയ്തു' എന്ന് പറഞ്ഞ് നിരന്തരം കലഹിച്ചു. ഒരുപിടി മണ്ണ് സംരക്ഷിക്കാത്തവന്‍ ഒരു കുമ്പിള്‍ ജലം സംരക്ഷിക്കാത്തവന്‍ എങ്ങിനെയാണ് സംസ്‌കാരത്തെ സംരക്ഷിക്കുന്നതെന്ന് വേവലാതിപ്പെട്ടു.

''ഇരുളില്‍ തിളങ്ങുമീ പാട്ടുകേള്‍ക്കാന്‍
കൂടെ മരമുണ്ട്, മഴയുണ്ട്, കുളിരുമുണ്ട്.
നിഴലുണ്ട്, പുഴയുണ്ട്, തലയാട്ടുവാന്‍, താഴെ
വഴിമരച്ചോട്ടിലെ പുല്ലുമുണ്ട്.''

കാലഘട്ടത്തില്‍ നിന്ന് ഒരു ഇല അടര്‍ന്ന് വീഴുന്നത് പോലെയാണ് സുഗതകുമാരി അരങ്ങൊഴിയുന്നത്. ചുറ്റുപാടുകളില്‍ ശൂന്യതയുടെ വലിയൊരു ചുഴി ബാക്കിയാക്കി.