• 04 Oct 2023
  • 07: 17 PM
Latest News arrow

ഇവര്‍ പുതിയ കപ്പല്‍ച്ചാലുകള്‍ വെട്ടിത്തുറന്ന വാസ്‌കോഡഗാമമാര്‍

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും നിരവധി പേര്‍ മത്സരിച്ച് വിജയിച്ച് നേതൃസ്ഥാനങ്ങളിലേക്ക് എത്തുന്നു എന്നതാണ്. ഏറ്റവും വലിയ കോര്‍പ്പറേഷനായ തിരുവനന്തപുരം ഭരിക്കുന്നത് 21 കാരിയായ ആര്യ രാജേന്ദ്രനാണെങ്കില്‍ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് രേഷ്മ മറിയം റോയിയും അടൂര്‍ കടമ്പനാട്ട് പഞ്ചായത്തില്‍ പ്രിയങ്ക പ്രതാപുമാണ് ഭരണസ്ഥാനത്ത് ഉപവിഷ്ടരായിരിക്കുന്നത്. 

ആര്യ രാജേന്ദ്രന്‍

തലസ്ഥാനത്ത് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് 21 കാരിയായ ആര്യ രാജേന്ദ്രന്‍. രണ്ട് കോണ്‍ഗ്രസ് വിമതരുടേത് അടക്കം 54 വോട്ടുകള്‍ നേടി ആര്യ രാജേന്ദ്രന്‍ അനന്തപുരിയുടെ മേയറായി. തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് ആര്യ. തിരുവനന്തപുരം ഓണ്‍സെയ്ന്റ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിനിയായ ഇവര്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്നു ആര്യ. 

രാഷ്ട്രീയത്തിനൊപ്പം പഠനവും തുടരുമെന്ന് ആര്യ പറയുന്നു. ഇതുവരെയും സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം പഠനം മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. സുഹൃത്തുക്കളും കോളേജിലെ അധ്യാപകരുമെല്ലാം ഇതിന് ഏറെ സഹായിച്ചു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അധ്യാപകരെ അറിയിച്ചിരുന്നു. അവരുടെയെല്ലാം അനുഗ്രഹത്തോടെയാണ് മത്സരിക്കാനിറങ്ങിയത്. ബിഎസ്‌സി പഠനം പൂര്‍ത്തിയാക്കിയാല്‍ എംബിഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന് ചേരണം. തുടര്‍ന്ന് സിവില്‍ സര്‍വീസ് എഴുതണം. ഇതില്‍ ഐപിഎസിനോടാണ് ആഭിമുഖ്യമെന്നും ആര്യ വ്യക്തമാക്കുന്നു. 

പ്രായം പറഞ്ഞ് വിമര്‍ശിച്ചവരോടും ആര്യയ്ക്ക് കൃത്യമായ മറുപടിയുണ്ട്. പക്വത നിശ്ചയിക്കുന്നത് പ്രായമല്ല. പ്രായം കൊണ്ട് മാത്രം പ്രവര്‍ത്തനമികവ് തീരുമാനിക്കാനാവില്ല. സംഘടനാ പ്രവര്‍ത്തനത്തിലെ അംഗീകാരമാണ് പാര്‍ട്ടി തന്ന സ്ഥാനാര്‍ത്ഥിത്വം. ജനങ്ങളുടെ അംഗീകാരമാണ് തന്റെ വിജയമെന്നും ആര്യ പറയുന്നു.

സിപിഎമ്മിന്റെ ബ്രാഞ്ചംഗമായിരുന്നു ആര്യയുടെ പിതാവ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ ആര്യയെ ബാലസംഘത്തിന്റെ പരിപാടികള്‍ക്ക് കൊണ്ടുപോവുമായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോഴേയ്ക്കും ബാലസംഘത്തില്‍ സജീവമായി. കുടുംബത്തോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കടക്കം പഠനകാലത്ത് പോയിരുന്നു. ആര്യയുടെ അച്ഛനും അമ്മയും സഹോദരനും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. 

രേഷ്മ മറിയം റോയ് 

നോമിനേഷന്‍ കൊടുക്കുന്നതിന്റെ തലേദിവസം മാത്രമാണ് രേഷ്മ മറിയം റോയിയ്ക്ക് 21 വയസ്സായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന് കൈവിട്ടുപോയ അരുവാപ്പുലം പഞ്ചായത്തിലെ സീറ്റാണ് രേഷ്മ റോയ് തിരിച്ചുപിടിച്ചത്. 470 വോട്ടുകള്‍ നേടിയ രേഷ്മ 70 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജാത മോഹനെ തോല്‍പ്പിച്ചത്. 21 വയസ്സ് തികയാന്‍ കാത്തിരുന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച രേഷ്മയുടെ കഥ നേരത്തെ തന്നെ വൈറലായിരുന്നു. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് പൂര്‍ത്തിയായത്. 

പഠന കാലത്താണ് രേഷ്മ കമ്മ്യൂണിസ്റ്റ് അനുഭാവിയാകുന്നത്. എസ്എഫ്‌ഐയുടെ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഉടനെയാണ് രേഷ്മ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും. 

പ്രിയങ്ക പ്രതാപ്

പത്തനംതിട്ടയിലെ അടൂര്‍ കടമ്പനാട്ട് പഞ്ചായത്തിന്റെ തലപ്പത്തേയ്ക്ക് എത്തുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ എംഎസ്‌സി വിദ്യാര്‍ത്ഥി പ്രിയങ്ക പ്രതാപാണ്. മാഞ്ഞാലി വാര്‍ഡിന്റെ ആകെ ജനസമ്മതി നേടിയ 22 വയസ്സുകാരിയായ ഈ വിദ്യാര്‍ത്ഥി നേതാവ് കടമ്പനാട് ദേശത്തിന്റെയാകെ പ്രിയങ്കരിയാവുകയാണ്. 230 വോട്ടുകള്‍ അധികം നേടി ഇടത് പക്ഷത്തിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച പ്രിയങ്ക, ഇനി കടമ്പനാടിന്റെ ഭരണസാരഥി കൂടിയാണ്. കൊല്ലം ഫാത്തിമ മാതാ കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ചതിന് ശേഷമുള്ള മധുരമാര്‍ന്ന തെരഞ്ഞെടുപ്പ് ഫലമാണ് അധ്യക്ഷ സ്ഥാനം. 

എംഎസ്‌സി പഠനത്തിന് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാറിയതോടെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക അവധി നല്‍കി പ്രിയങ്ക. അപ്പോഴും നാട്ടില്‍ ഡിവൈഎസ്പിയ്‌ക്കൊപ്പം സഞ്ചരിച്ചു. യുവജന സംഘടനാ അടൂര്‍ മേഖലാ കമ്മിറ്റി അംഗമായ പ്രിയങ്ക അങ്ങിനെയാണ് തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കപ്പെട്ടത്. അധ്യക്ഷ സ്ഥാനത്തെത്തുമ്പോഴും പഠനത്തിന് തന്നെയാണ് പ്രഥമ സ്ഥാനം നല്‍കുക എന്ന് പ്രിയങ്ക പറയുന്നു. വീട്ടിലെ ആദ്യ രാഷ്ട്രീയക്കാരിയാണ് പ്രതാപ്-ആശ ദമ്പതികളുടെ മൂത്തമകള്‍ പ്രിയങ്ക.