• 20 Sep 2021
  • 04: 31 PM
Latest News arrow

ദുരന്തങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് കുവിയും അബാക്കയും; 2020ലെ തിളങ്ങുന്ന ദൃശ്യം

2020ലെ ദുരന്തങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത് മനുഷ്യര്‍ മാത്രമല്ല. കുവി, അബാക്ക എന്നീ രണ്ട് നായ്ക്കളും ദുരന്തങ്ങളെ അതിജീവിച്ചവരാണ്. പെട്ടിമുടിയിലെ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുവിയിപ്പോള്‍ വിഐപി നായയാണ്. വടക്കന്‍ പറവൂരില്‍ യജമാനന്‍ കാറില്‍ കെട്ടിവലിച്ച അബാക്ക ഇപ്പോള്‍ പ്രിയപ്പെട്ടവരുടെ കണ്ണിലുണ്ണിയും.

പെട്ടിമുടിയില്‍ ഉറ്റവരെ നഷ്ടപ്പെട്ട് പകച്ചുനിന്ന നായയായിരുന്നു കുവി. എന്നാല്‍ ഇന്ന് ഇടുക്കി പൊലീസിന്റെ എട്ട് അംഗങ്ങളുള്ള ശ്വാനസേനയിലെ അരുമയാണ്. ഓഗസ്റ്റ് മാസത്തിലെ പേമാരിയില്‍ ചിന്നഭിന്നമായ രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് കുവിയെ നാം ആദ്യം കണ്ടത്. മണ്ണിലമര്‍ന്നവരെ പുറത്തെടുക്കാന്‍ ദൗത്യസംഘങ്ങള്‍ പാടുപെടുന്നതിനിടെ അവരേക്കാള്‍ വേഗത്തില്‍ തന്റെ കളിക്കൂട്ടുകാരിയായ രണ്ട് വയസ്സുകാരി തനുഷ്‌കയെ കുവി കണ്ടെത്തി. ചേതനയറ്റ തന്റെ യജമാന കുടുംബത്തെ കണ്ട കുവി ഭക്ഷണം കഴിക്കാതെ പെട്ടിമുടിയില്‍ അലഞ്ഞു നടന്നു. ആ കാഴ്ചയിലാണ് ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ചുമതലക്കാരന്‍ അജിത് മാധവന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കുവിയെ പൊലീസിന്റെ ഭാഗമാക്കുന്നത്. ഒരു വയസ്സ് മാത്രമേയുള്ളൂ കുവിയ്ക്ക്. ഡെക്കാന്‍ പീഠഭൂമിയിലെ കാട്ടുനായ്ക്കളുടെ വംശാവലിയില്‍പ്പെട്ട കുവിയ്ക്ക് കൂടുതല്‍ പരിശീലനം നല്‍കും.  

എറണാകുളം മാഞ്ഞാലില്‍ ലീലയുടെ വളര്‍ത്ത് നായ കുഞ്ഞനെയാണ് ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അബാക്ക എന്ന നായ ആദ്യം പോയി കണ്ടത്. പ്രാണന് വേണ്ടി പുളഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞന്‍ മാത്രമാണ് അന്ന് അബാക്കയ്‌ക്കൊപ്പം ഓടിയത്. യജമാനന് നന്ദി എന്തെന്ന് അറിയില്ലെങ്കില്‍ അബാക്കയ്ക്ക് അത് നല്ലതുപോലെ അറിയാം. ഒരു മൃഗത്തോടും ആരും ചെയ്യരുതാത്ത ക്രൂരതയാണ് മാഞ്ഞാലില്‍ ചാലാക്ക സ്വദേശി യൂസഫ് തന്റെ വളര്‍ത്ത് നായയോട് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ദയ എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തതോടെ കൊടിയ പീഡനമേറ്റ അബാക്കയ്ക്ക് ഇപ്പോള്‍ സ്വന്തക്കാരുണ്ട്. അബാക്കയെന്ന പേരും. വടക്കന്‍ പറവൂരില്‍ ദയയുടെ വൊളണ്ടിയര്‍ കൃഷ്ണന്റെ വീട്ടില്‍ സുരക്ഷിതയാണ് അബാക്കയിപ്പോള്‍.