2 ലക്ഷത്തോളം ട്രാക്ടറുകള്‍; 2500 സന്നദ്ധപ്രവര്‍ത്തകര്‍; 100 കിലോമീറ്റര്‍ റാലി

ന്യൂഡല്‍ഹി: ജനുവരി 26ന് രാജ്യ തലസ്ഥാനത്ത് നടത്തുന്ന ട്രാക്ടര്‍ പരേഡില്‍ രണ്ട് ലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍. 100 കിലോമീറ്ററാണ് ട്രാക്ടര്‍ റാലി നടത്തുക. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുള്ളത്.
ട്രാക്ടറുകളുടെ നീക്കം സുഗമമാക്കുന്നതിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ നിരവധി ഉപസമിതികളും പ്രവര്‍ത്തിക്കും.
'2500ഓളം സന്നദ്ധ പ്രവര്‍ത്തകരുണ്ട് ഞങ്ങള്‍ക്ക്. അവര്‍ റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കും. റാലിക്കിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ സഹായിക്കും. ചിട്ടയോടെയും അച്ചടക്കത്തോടെയും ട്രാക്ടറുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ്. എന്തെങ്കിലും അടിയന്തരാവശ്യങ്ങളുണ്ടായാല്‍ സന്നദ്ധപ്രവര്‍ത്തകര്‍ അതും ശ്രദ്ധിക്കേണ്ടതാണ്.'' കര്‍ഷക നേതാക്കളില്‍ ഒരാള്‍ പറയുന്നു.
ഓരോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ബാഡ്ജുകള്‍, ജാക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നല്‍കും. ട്രാക്ടറുകളെ ജീപ്പുകളില്‍ അവര്‍ പിന്തുടരും. ആവശ്യമെങ്കില്‍ അവരില്‍ കുറച്ചുപേര്‍ കര്‍ഷകര്‍ക്കൊപ്പം ട്രാക്ടറുകളില്‍ കയറും. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ പോലുള്ള ആവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതും സന്നദ്ധ പ്രവര്‍ത്തകരായിരിക്കും. ഓരോ ട്രാക്ടറുകളിലും നാലോ അഞ്ചോ കര്‍ഷകരടങ്ങുന്ന സംഘമുണ്ടായിരിക്കും. കേന്ദ്ര സമിതി പുതിയതായി നിര്‍മ്മിച്ച കണ്ട്രോള് റൂമിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും. 40 ആംബുലന്‍സുകളും വഴികളില്‍ സജ്ജീകരിക്കും.
ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ട് മണിയോടെയായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ആരംഭിക്കുക. സിംഘു, ടിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. എന്നാല്‍ പരേഡ് ഏത് വഴികളിലൂടെയാണ് മുന്നോട്ട് നീങ്ങുക എന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു