• 05 Mar 2021
  • 06: 22 PM
Latest News arrow

കലിയുഗത്തില്‍ പെണ്‍മക്കളെ വകവരുത്തി, സത്യയുഗത്തില്‍ പുനര്‍ജനിക്കാന്‍; ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ ചെയ്തത്...

ചിറ്റൂര്‍: ഞായറാഴ്ച രാത്രിയോട് കൂടിയാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് കൊലപാതകങ്ങള്‍ ആന്ധ്രാപ്രദേശില്‍ നടന്നത്. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയില്‍ അധ്യാപക ദമ്പതികള്‍ തങ്ങളുടെ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു. പത്മജ-പുരുഷോത്തമന്‍ ദമ്പതികളുടെ മക്കളായ ആലേഖ്യ(27), സായ് ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. 

രാത്രിയില്‍ വീട്ടില്‍ അസ്വാഭാവികമായ ചില ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വീടിനകത്ത് കയറി പരിശോധന നടത്താന്‍ ശ്രമിച്ചപ്പോള്‍ ഈ ദമ്പതികള്‍ തടഞ്ഞു. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് വീടിനുള്ളില്‍ പ്രവേശിക്കുകയും പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. 

പൂജാമുറിയിലാണ് ആദ്യത്തെ മകളായ ആലേഖ്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു മുറിയില്‍ സായ് ദിവ്യയുടെ മൃതദേഹവും കണ്ടെത്തി. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍സ് ഉപയോഗിച്ച് ഇരുവരെയും തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്. 

ചില ആഭിചാര ക്രിയകള്‍ ചെയ്യുന്ന ആളുകളാണ് ഇവര്‍. ഞായറാഴ്ചയോടെ കലിയുഗം അവസാനിക്കുമെന്നും തിങ്കളാഴ്ചയോട് കൂടി സത്യയുഗം ആരംഭിക്കുമെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് കലിയുഗത്തില്‍ മക്കളെ വകവരുത്തിയതിന് ശേഷം ഇന്ന് സത്യയുഗത്തില്‍ അവര്‍ രണ്ട് പേരും പുനര്‍ജനിക്കും എന്നുമാണ് ഇവര്‍ വിശ്വസിച്ചിരുന്നത്. ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ കൃത്യം നടപ്പാക്കിയതെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. മാത്രമല്ല, ഇവരുടെ മൃതദേഹം അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അതിനെപ്പോലും എതിര്‍ക്കുന്ന രീതിയിലായിരുന്നു പത്മജയുടെയും പുരുഷോത്തമന്റെയും പെരുമാറ്റം. 

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം ആഭിചാരക്രിയകള്‍ക്ക് കൂട്ട് നില്‍ക്കുന്ന പ്രദേശത്തെ ഒരു മന്ത്രവാദിയെയും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നുവെന്നാണ് സൂചന.

ആദ്യത്തെ പെണ്‍കുട്ടി ആലേഖ്യ, ബോപ്പാലില്‍ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയിട്ടുണ്ട്. രണ്ടാമത്തെ പെണ്‍കുട്ടി സായ് ദിവ്യ ദക്ഷിണേന്ത്യയിലെ ഒരു കോളേജില്‍ നിന്നും ബിബിഎ ബിരുദം നേടിയയാളാണ്.