• 18 Apr 2021
  • 01: 22 PM
Latest News arrow

''പ്രിയാരമണിയുടെ മാനത്തേക്കാള്‍ വലുതല്ല അക്ബറിന്റെ സത്‌പ്പേര്''

മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയെ ഡല്‍ഹി കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു. 1993ല്‍ നടന്ന സംഭവത്തില്‍ എന്തുകൊണ്ട് പ്രിയാ രമണി നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന അക്ബറിന്റെ അഭിഭാഷകരുടെ ചോദ്യത്തിന്, സ്ത്രീകള്‍ക്ക് പതിറ്റാണ്ടുകള്‍ കഴിഞ്ഞും പരാതി ഉന്നയിക്കാമെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പാണ്ഡെ വ്യക്തമാക്കി. ഒരാളുടെ സത്‌പേര് സംരക്ഷിക്കേണ്ടത് മറ്റൊരാളുടെ അഭിമാനം നഷ്ടപ്പെടുത്തിയിട്ടല്ലെന്നും കോടതി നിരീക്ഷിച്ചു.

കോടതിയുടെ വിലയിരുത്തലുകള്‍ ഇങ്ങിനെ....

സമൂഹത്തില്‍ ഉന്നത പദവിയിലിരിക്കുന്നയാളും ലൈംഗിക പീഡകനാകാം. ലൈംഗിക പീഡനം ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ഇല്ലായ്മ ചെയ്യും. ആത്മാഭിമാനം സംരക്ഷിക്കാനുള്ള അവകാശത്തിന് മുമ്പില്‍ സത്‌പേര് സംരക്ഷിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതില്ല. ലൈംഗിക പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഒരു സ്ത്രീയും ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്.

പ്രിയാ രമണിയുടെ പ്രതികരണം....

തൊഴിലിടങ്ങളില്‍ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ എല്ലാ സ്ത്രീകളെയും നീതീകരിക്കുന്ന വിധിയാണ് ഇത്. പ്രസ്തുത വിധിയോടെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്ക് അര്‍ഹമായ ശ്രദ്ധ ലഭിക്കും. സത്യം തുറന്നു പറയുന്ന സ്ത്രീകള്‍ക്കെതിരെ വ്യാജപരാതി ഉന്നയിക്കാന്‍ അധികാരമുള്ള പുരുഷന്‍മാര്‍ ധൈര്യപ്പെടില്ലെന്നാണ് കരുതുന്നത്.

കേസ് എന്ത്?

അമേരിക്കയിലെ മീടൂ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ 2017ല്‍ പുരുഷ മേലധികാരികളുടെ സ്വഭാവത്തെക്കുറിച്ച് പ്രിയാ രമണി വോഗില്‍ ഒരു ലേഖനം എഴുതി. അതില്‍ 1993ല്‍ ഏഷ്യന്‍ ഏജ് ന്യൂസ്‌പേപ്പറിന്റെ അഭിമുഖത്തിനായി ഒരു ഹോട്ടലില്‍ വെച്ച് എംജെ അക്ബറിനെ കണ്ടപ്പോഴുള്ള അനുഭവം പ്രിയാ രമണി വിവരിച്ചിരുന്നു. അക്ബര്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ക്ഷണിച്ചുവെന്നും ഭയപ്പെടുത്തിയ അഭിമുഖമായിരുന്നു അതെന്നും പ്രിയ രമണി വെളിപ്പെടുത്തി. തന്റെ അരികിലുള്ള ചെറിയ സ്ഥലത്ത് ഇരിക്കാന്‍ അക്ബര്‍ ആവശ്യപ്പെട്ടു. ആ മുറിയിലെ ഭയപ്പെടുത്തുന്ന ആ അഭിമുഖത്തില്‍ നിന്നും താന്‍ വല്ലവിധേനയാണ് രക്ഷപ്പെട്ടതെന്നും പ്രിയാ രമണി കുറിച്ചു. തുടര്‍ന്ന് അക്ബര്‍ തന്നെ ജോലിക്കെടുത്തെങ്കിലും അക്ബറിനൊപ്പം ഒരിക്കല്‍പ്പോലും ഒരു മുറിയില്‍ തനിച്ചുണ്ടാകില്ലെന്ന് ശപഥം ചെയ്തുവെന്നും അക്ബറിന്റെ പേര് പറയാതെ ആ ലേഖനത്തില്‍ പ്രിയ രമണി എഴുതി.

എന്നാല്‍ പിന്നീട് 2018 ഒക്ടോബര്‍ 8ന് അത് എംജെ അക്ബറായിരുന്നുവെന്ന് പ്രിയാ രമണി ട്വീറ്റ് ചെയ്തു. പിന്നാലെ നിരവധി പേര്‍ എംജെ അക്ബറിനെതിരെ പീഡനപരാതിയുമായി രംഗത്ത് വന്നു. 14 വനിതാ മാധ്യമപ്രവര്‍ത്തകരാണ് സമാനമായ അനുഭവം എംജെ അക്ബറില്‍ നിന്ന് നേരിട്ടതായി വെളിപ്പെടുത്തിയത്. 

ഇന്ത്യയില്‍ മീടൂ ആരോപണത്തിന്റെ മുള്‍മുനയില്‍ നിന്ന പ്രശസ്തനായ വ്യക്തിയായിരുന്നു എഡിറ്ററും രാഷ്ട്രീയക്കാരനും മുന്‍മന്ത്രിയുമായിരുന്ന എംജെ അക്ബര്‍. ആരോപണങ്ങള്‍ മുറുകിയതോടെ 2018ല്‍ അക്ബര്‍ വിദേശകാര്യ സഹമന്ത്രി പദവി രാജിവെച്ചു. 

ശേഷം പ്രിയാ രമണിയ്‌ക്കെതിരെ അക്ബര്‍ മാനനഷ്ടത്തിന് പരാതി നല്‍കി. താന്‍ അവരെ ഹോട്ടലില്‍ അഭിമുഖത്തിന് ക്ഷണിച്ചിട്ടില്ലെന്നും മുറിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അക്ബര്‍ പറഞ്ഞു. പ്രിയാ രമണിയുടെത് നിന്ദ്യമായ ഭാഷയാണ്. നുണകളാല്‍ കെട്ടിച്ചമച്ച ആരോപണങ്ങളാണ്. ഇത് തന്റെ പൊതുസമ്മതിയെ ബാധിച്ചുവെന്നും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള നിലനില്‍പ്പിനെ തകരാറിലാക്കിയെന്നും അതുകൊണ്ട് തന്റെ സത്‌പേര് സംരക്ഷിക്കാനാണ് കേസ് നല്‍കുന്നതെന്നും അക്ബര്‍ പറഞ്ഞു.

1990കളില്‍ അക്ബര്‍ ഏഷ്യന്‍ ഏജിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. ശക്തനായ പത്രാധിപന്‍. നാല്‍പതുകളിലായിരുന്ന അദ്ദേഹത്തിന്റെ ഇരകളെല്ലാം ഇരുപതുകളിലുള്ള പെണ്‍കുട്ടികളായിരുന്നു. ജോലി നിര്‍ത്തേണ്ടത് പലരുടെയും ആവശ്യമായിരുന്നു. ഇതിനിടെ എംജെ അക്ബറിന്റെ സഹപ്രവര്‍ത്തകയായ ഗസാല വഹാബു അക്ബറിനൊപ്പമുണ്ടായിരുന്ന കാലം നരകതുല്യമായിരുന്നെന്നും നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നും ദി വയറില്‍ ആര്‍ട്ടിക്കിള്‍ എഴുതുകയുണ്ടായി. ഇതും അക്ബറിനെതിരെയുള്ള ആരോപണം ശക്തമാക്കുന്നതായിരുന്നു.