• 18 Apr 2021
  • 01: 11 PM
Latest News arrow

ആലപ്പുഴയില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് ഇറക്കിവിട്ടു

ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് നിന്നും കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കാഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു. 

തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയുംവേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗള്‍ഫില്‍ നിന്നെത്തിയ ബിന്ദുവിനെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അജ്ഞാത സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്ന് കുടുംബം ആരോപിച്ചു.

യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘവുമായി യുവതിയ്ക്ക് ബന്ധമുണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോയിരുന്നു. കഴിഞ്ഞ മാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19ന് നാട്ടില്‍ തിരിച്ചെത്തിയതായും പൊലീസ് പറഞ്ഞു. ഇതാണ് യുവതി സ്വര്‍ണ്ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചിരുന്നുവെന്ന സംശയം ബലപ്പെടാന്‍ കാരണം.