• 18 Apr 2021
  • 02: 44 PM
Latest News arrow

ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി 'സൂരറൈ പോട്ര്'; മികച്ച അഭിനേതാക്കളാകാന്‍ സൂര്യയും അപര്‍ണയും

സൂര്യയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' എന്ന ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്നു. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. 93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ ചിത്രം യോഗ്യത നേടിയിരിക്കുകയാണ്. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ജനറല്‍ ക്യാറ്റഗറിയില്‍ ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്തുവിട്ടത്.

കൊവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏഞ്ചല്‍സില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം വിര്‍ച്ച്വലാണ്. ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. അടുത്ത ഘട്ടത്തില്‍ ഈ മാസം 28 മുതല്‍ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിങിന് ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.

ആമസോണ്‍ പ്രൈമിലൂടെയാണ് 'സൂരറൈ പോട്ര്' റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'സൂരറൈ പോട്ര്'.

ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്ക് കൂടി യാത്ര ചെയ്യാന്‍ കഴിയുന്ന വിമാന സര്‍വ്വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ കഥായാണ് ചിത്രം പറയുന്നത്. ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.