• 18 Apr 2021
  • 01: 18 PM
Latest News arrow

''ഹരിയാന പൊലീസ് ക്രൂരമായി പീഡിപ്പിച്ചു''; കര്‍ഷക സമരത്തിലെ പെണ്‍മുഖം നോദീപ് കൗര്‍

ന്യൂഡല്‍ഹി: ഹരിയാന പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് തൊഴിലാളി അവകാശ പ്രവര്‍ത്തക നോദീപ് കൗര്‍. എത്ര അടിച്ചമര്‍ത്തിയാലും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും നോദീപ് കൗര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷക സമരത്തിന്റെ പെണ്‍മുഖമാണ് നോദീപ് കൗര്‍ എന്ന ഇരുപത്തിനാലുകാരി. സമരത്തിനിടെ അറസ്റ്റിലായ കൗര്‍ 46 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. കര്‍ണാലിലെ ജയില്‍ ദിനങ്ങള്‍ നടുക്കമുളവാക്കുന്ന ഓര്‍മ്മയാണെന്ന് നോദീപ് കൗര്‍ പറഞ്ഞു. 

എന്നാല്‍ പൊലീസിന്റെ മര്‍ദ്ദനമുറകളൊന്നും ഈ 24കാരിയെ തളര്‍ത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം സമരക്കാരില്‍ ഒരാളായി മാറാനാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ നോദീപിന്റെ തീരുമാനം. സമരത്തിന്റെ ഭാവിയില്‍ ആശങ്കയില്ലെന്നും അന്തിമ വിജയം കര്‍ഷകര്‍ക്കായിരിക്കുമെന്നും നോദീപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.