• 18 Apr 2021
  • 02: 39 PM
Latest News arrow

ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം; സഹപാഠിയ്‌ക്കൊപ്പം നടന്നുപോയതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

പ്രതിയ്ക്ക് രാഷ്ട്രീയ സ്വാധീനം; ഒത്തുതീര്‍പ്പാക്കട്ടെയെന്ന് പൊലീസ്‌

കണ്ണൂര്‍: പാനൂരില്‍ സഹപാഠിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പാനൂര്‍ മുത്താറിപീടികയിലെ  ഓട്ടോ ഡ്രൈവര്‍ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

തിങ്കളാഴ്ച ഉച്ചയോടെ മുത്താറിപ്പീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലുന്നത് നാട്ടുകാര്‍ കണ്ടെങ്കിലും ആരും തടയാന്‍ ശ്രമിച്ചില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ആരൊക്കെയോ വന്ന് ജിനീഷിന് പിടിച്ചുമാറ്റി.  

കൂടെ പഠിക്കുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം നടന്നുപോയതിനാണ് തന്റെ മകനെ ജിനീഷ് മര്‍ദ്ദിച്ചവശനാക്കിയതെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് വിദ്യാര്‍ത്ഥി ചോദിച്ചപ്പോള്‍ കാരണം പറയാന്‍ ജിനീഷ് തയ്യാറായില്ല. അടിച്ചു കഴിഞ്ഞപ്പോള്‍ ആള് മാറിപ്പോയെന്നാണ് പറഞ്ഞതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. 

സംഭവത്തെത്തുടര്‍ന്ന് പരാതി നല്‍കിയപ്പോള്‍ ഒത്തുതീര്‍പ്പിനാണ് പൊലീസ് ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കേസ് വേണോ പറഞ്ഞു തീര്‍ത്താല്‍ പോരേ എന്നായിരുന്നു പൊലീസ് ചോദിച്ചത്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസ് ഇങ്ങിനെ പ്രതികരിച്ചതെന്നും വിദ്യാര്‍ത്ഥിയുടെ വിമര്‍ശിച്ചു. എന്നാല്‍ കേസെടുത്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസിന്റെ പ്രതികരണം.