• 18 Apr 2021
  • 01: 40 PM
Latest News arrow

ഇന്ധനവിലയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് അവശ്യസാധനവില; പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിച്ചു

കൊച്ചി: ഇന്ധനവിലയ്‌ക്കൊപ്പം അവശ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുന്നു. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറ് രൂപയിലേക്കെത്തുന്നതാണ് വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്ന രീതിയിലേക്ക് പാചകവാതക വിലയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് വ്യക്തമായിരിക്കുകയാണ്. കൊവിഡിന് പിന്നാലെ ഇന്ധവില വര്‍ധനവ് കൂടിയായതോടെ ബസ്, ലോറി, ഹോട്ടല്‍ വ്യവസായങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.

ഉഴുന്ന്, എണ്ണ, തേയില എന്നിവയുടെ വില ആറ് മാസം കൊണ്ട് ഇരട്ടിയലധികം വര്‍ധിച്ചു. മീന്‍പിടുത്തത്തിന് പോകുന്നവര്‍ക്ക് 200 ലിറ്റര്‍ വരെ സബ്‌സിഡി ഇനത്തില്‍ ലഭിക്കുമായിരുന്ന മണ്ണെണ്ണ ഇപ്പോള്‍ 40 ലിറ്ററാക്കി കുറച്ചു.

ലോക്ക്ഡൗണിന് മുമ്പ് 12,400 ബസുകള്‍ ഓടിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇന്ന് 9800 ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഇതില്‍ ഭൂരിഭാഗം ബസുകളും നികുതി അടയ്‌ക്കേണ്ടാത്ത 'ജി' ഫോം നല്കി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസുകളില്‍ 40 ശതമാനവും ഓട്ടം നിര്‍ത്തും. 

പാചകവാതക വില കുത്തനെ കൂടിയതോടെ ഹോട്ടലുകള്‍ക്ക് പ്രതിദിനം 1500 രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കൂടി കണക്കാക്കിയാല്‍ ഇത് 3000 രൂപയാകും. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് നാല് മാസത്തിനിടെ 500 രൂപയാണ് വര്‍ധിച്ചത്.

സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നീ ഇനങ്ങളില്‍ രണ്ട് തവണയായി 13, 16 രൂപയുടെ വര്‍ധനയാണ് കേന്ദ്രം വരുത്തിയത്. ഇത് പിന്‍വലിച്ചാല്‍ തന്നെ വിലയില്‍ കുറവ് വരും.