• 18 Apr 2021
  • 01: 48 PM
Latest News arrow

ബാലന് പകരം ഭാര്യ; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തി

പാലക്കാട്: തരൂരില്‍ എകെ ബാലന് പകരം ഭാര്യ ഡോ. പികെ ജമീല സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി. പട്ടികജാതി ക്ഷേമസമിതിയില്‍ ഉള്‍പ്പെടെ അര്‍ഹരായ നേതാക്കളുണ്ടെന്നിരിക്കെ, ജമീലയെ ഇറക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. 

കുഴല്‍മന്ദം, തരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി നാലുതവണ സഭയിലെത്തിയ എകെ ബാലന് ഇനി മത്സരിക്കാന്‍ സാധിക്കില്ല. ഇതോടെ അപ്രതീക്ഷിതമായി ഡോ. പികെ ജമീലയെ രംഗത്തിറക്കി. തരൂരില്‍ പികെഎസ് ജില്ലാ അധ്യക്ഷന്‍ പൊന്നുക്കുട്ടന്‍, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ശാന്തകുമാരി, എന്നിവരുടെ പേരാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ടത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്നോണം ജില്ലാ സെക്രട്ടറിയേറ്റില്‍ ഡോ. പികെ ജമീലയുടെ പേര് അവതരിപ്പിക്കപ്പെട്ടു. 

ഇതോടെ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം നിര്‍ദേശത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ചയാളാണെങ്കിലും സംഘടനാപ്രവര്‍ത്തനം ഇല്ലാത്തയാളെ സിപിഎം കോട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലായിരുന്നു വിമര്‍ശനം. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എകെ ബാലന്‍ വാദിക്കുന്നത്. ജില്ലാ ഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് സംസ്ഥാന സമിതിയില്‍ ജമീലയെ തീരുമാനിച്ചാല്‍ അത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയെ പുറത്തുകൊണ്ടുവരും.