• 20 Sep 2021
  • 04: 06 PM
Latest News arrow

ചരിത്രവിജയത്തിലും മമതയ്ക്ക് നൊമ്പരം; കോടതിയെ സമീപിക്കുമെന്ന് പ്രതികരണം

കൊല്‍ക്കത്ത: ചരിത്രം കുറിച്ചുകൊണ്ടാണ് പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. ഭരണം പിടിച്ചെടുക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായെത്തിയ ബിജെപിയെ നോക്കുകുത്തിയാക്കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് 200ലേറെ സീറ്റുമായി ഹാട്രിജ് ജയം സ്വന്തമാക്കി. ആ ചരിത്രനേട്ടത്തില്‍ ആഹ്ലാദിക്കുമ്പോഴും ഉള്ളിലെ വിങ്ങലായി മാറുകയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നന്ദിഗ്രാമിലെ മമതയുടെ തോല്‍വി.

അപ്രതീക്ഷിതമായിരുന്നു ഈ തോല്‍വി. പാര്‍ട്ടിയിലെ തന്റെ വലം കയ്യായിരുന്ന സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഇവിടെ ഫലം മാറിമറിയുകയായിരുന്നു. അവസാനം 1736 വോട്ടിന് സുവേന്ദു അധികാരി ജയിച്ചുവെന്ന പ്രഖ്യാപനമെത്തി. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും വോട്ടെണ്ണല്‍ അവസാനിച്ചിട്ടില്ലെന്നും പറഞ്ഞ് തൃണമൂല്‍ നേതൃത്വം രംഗത്ത് വന്നു. 

അവസാനം തൃണമൂലിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. ''നന്ദിഗ്രാമിലെ ജനങ്ങള്‍ എന്ത് തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാന്‍ അത് സ്വീകരിക്കും. എന്നാല്‍ വോട്ടെണ്ണലില്‍ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരെ തീര്‍ച്ചയായും കോടതിയെ സമീപിക്കും.'' എന്നായിരുന്നു തോല്‍വിയെക്കുറിച്ചുള്ള മമതയുടെ പ്രതികരണം.

2011ല്‍ നന്ദിഗ്രാമില്‍ തുടങ്ങിയ കര്‍ഷക പ്രക്ഷോഭമാണ് ഇടത് സര്‍ക്കാരിനെ മറിച്ചിട്ട് മമതയെ ഭരണത്തിലെത്തിച്ചത്. നേരത്തെ ഇവിടം സിപിഐയുടെ സീറ്റായിരുന്നു. 2009 മുതല്‍ തൃണമൂല്‍ നന്ദിഗ്രാം കയ്യടക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരി 81,230 വോട്ടിന് ഇവിടെ ജയിച്ചു. പിന്നീട് മമതയും അധികാരിയും തെറ്റിപ്പിരിഞ്ഞു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇക്കുറി സുവേന്ദുവിന് ചുട്ടമറുപടി കൊടുക്കാന്‍ വേണ്ടിയാണ് മമത നന്ദിഗ്രാമില്‍ മത്സരിക്കാനിറങ്ങിയത്. എന്നാല്‍ ആ തീരുമാനം അവര്‍ക്ക് തന്നെ തിരിച്ചടിയായെന്നേ പറയേണ്ടു.